ക്രിമിനൽ കേസ് പ്രതി; സംസ്ഥാനത്തിന് പുറത്തുനിന്നും പണം പിരിച്ചു, ഉണ്ണിക്കൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ

Thursday 02 October 2025 10:49 AM IST

പത്തനംതിട്ട: ദ്വാരപാലക ശില്പങ്ങളിലെ പാളികളിൽ സ്വർണം പൂശാൻ സ്‌പോൺസർഷിപ്പ് ഏറ്റെടുത്ത ബംഗളൂരു വ്യവസായി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലൻസ്. ബംഗളൂരുവിൽ നിന്ന് ശബരിമലയിലേക്ക് മേൽശാന്തിയുടെ സഹായിയായി എത്തിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ആസ്തിയുമായി ബന്ധപ്പെട്ടുളള സംശയത്തിലായിരുന്നു അന്വേഷണം. സ്വർണം പൂശുന്നതിനും അന്നദാനം നടത്തുന്നതിനും ഉണ്ണിക്കൃഷ്ണൻ പോറ്റി വ്യാപകമായി പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

മ​റ്റുസംസ്ഥാനങ്ങളിൽ നിന്നും പണിപ്പിരിവ് നടത്തി. സ്വർണപ്പാളി ബംഗളൂരുവിൽ കൊണ്ടുപോയതും ഈ പണപ്പിരിവിന്റെ ഭാഗമെന്നാണ് വിജിലൻസിന്റെ സംശയം. ചുരുക്കം വർഷം കൊണ്ട് ശബരിമലയിലെ സ്വർണപ്പാളികളുടെ സ്‌പോൺസറായി മാറാനുളള ആസ്തി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് എവിടെ നിന്ന് ലഭിച്ചുവെന്നാണ് വിജിലൻസിന്റെ സംശയം. ആന്ധ്രാപ്രദേശ്, തമിഴ്നാട്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നെത്തിയ ധനികരായ ഭക്തരുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ഇവരിലൂടെ വിവിധ സ്‌പോൺസർമാരിൽ നിന്ന് പണം കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരത്ത് വീടുകയറി ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്ത ക്രിമിനൽ കേസിലെ പ്രതിയാണ് ഉണ്ണിക്കൃഷ്ണൻ പോ​റ്റി. മ​റ്റൊരു ഭൂമി തട്ടിപ്പുക്കേസിൽ കോടതി വ്യവഹാരം നേരിടുന്നുമുണ്ട്.

ഈ വിവരങ്ങൾ ദേവസ്വം വിജിലൻസ് ഹൈക്കോടതിയെ അറിയിക്കും. 1999 മുതൽ 2005 വരെ ശബരിമലയിൽ നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്ന ആവശ്യവും പുറത്തുവരുന്നുണ്ട്. അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളി ഉണ്ണിക്കൃഷ്ണൻ പോറ്റി കൊണ്ടുപോയത് ബംഗളൂരുവിലേക്കെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ശ്രീറാംപുരയിലെ അയ്യപ്പക്ഷേത്രത്തിലാണ് സ്വർണപ്പാളി എത്തിച്ചത്. ഈ ക്ഷേത്രത്തിലെ മുൻ ശാന്തിക്കാരനായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റി. 2019ലായിരുന്നു സംഭവം. ശ്രീകോവിലിന്റെ വാതിൽ എന്ന പേരിലുള്ള വസ്‌തു എത്തിച്ചെന്ന് ശ്രീറാംപുരയിലെ അയ്യപ്പക്ഷേത്രം അധികൃതർ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.