ഒരു വർഷം സമ്പാദിക്കുന്നത് രണ്ട് കോടി, ചെയ്യുന്ന ജോലികളിൽ സെക്യൂരിറ്റി പണിയും; ആരാണ് ഈ അദൃശ്യ കോടീശ്വരൻ?

Thursday 02 October 2025 11:42 AM IST

ടോക്കിയോ: കോടീശ്വരനായിട്ടും ആഡംബരമൊന്നുമില്ലാതെ സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. വർഷംതോറും കോടിക്കണക്കിന് രൂപ വരുമാനം നേടുന്ന ഇദ്ദേഹത്തിന്റെ ജീവിതരീതി പലരെയും അമ്പരപ്പിക്കുന്നു. ടോക്കിയോ സ്വദേശി കൊയിച്ചി മാറ്റ്‌സുബാരയെന്ന 56കാരെന്റെ ജീവിതശൈലിയാണ് പലരെയും അത്ഭുതപ്പെടുത്തുന്നത്. വർഷംതോറും 1.83 കോടി രൂപയോളമാണ് അദ്ദേഹം സമ്പാദിക്കുന്നത്.

വലിയ സാമ്പത്തിക ഭദ്രതയുണ്ടായിട്ടും അദ്ദേഹമൊരു പാർട്ട് ടൈം കാവൽക്കാരനായി ജോലി ചെയ്യാൻ തീരുമാനിച്ചതാണ് ശ്രദ്ധേയമാകുന്നത്. ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ കാവൽക്കാരനായിട്ടാണ് മാറ്റ്‌സുബാര ജോലി ചെയ്യുന്നത്. പൊതു ഇടങ്ങൾ വൃത്തിയാക്കുക, അടിസ്ഥാനപരമായ അറ്റകുറ്റപ്പണികൾ നടത്തുക എന്നിവയാണ് പ്രധാനമായും അദ്ദേഹം ചെയ്യുന്നത്.

ആഴ്ചയിൽ മൂന്ന് ദിവസത്തിൽ നാല് മണിക്കൂർ ഷിഫ്റ്റിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. കാവൽക്കാരൻ എന്ന നിലയിൽ പ്രതിമാസം ലഭിക്കുന്നത് ഏകദേശം 60,354 രൂപയാണ്.(100,000 യെൻ) ടോക്കിയോയിലെ ശരാശരി പ്രതിമാസ ശമ്പളത്തിനെക്കാൾ വളരെ കുറഞ്ഞ വരുമാനമാണിത്.

സിംഗിൾ പാരന്റിനൊപ്പം ലളിതമായ ജീവിത പശ്ചാത്തലത്തിൽ വളർന്ന മാറ്റ്‌സുബാര, തന്റെ ഈ ജീവിതശൈലി തിരഞ്ഞെടുക്കാനുള്ള കാരണം വ്യക്തിപരമാണെന്ന് പറയുന്നു. ശാരീരികമായി അധ്വാനിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കുന്നത് ഉറപ്പാക്കാനാണെന്ന് അദ്ദേഹം പറയുന്നു. കെട്ടിടം വൃത്തിയായി സൂക്ഷിക്കുന്നതിൽ വളരെയധികം സംതൃപ്തി കണ്ടെത്തുന്ന വ്യക്തിയാണ് മാറ്റ്‌സുബാര. അനാവശ്യ ആഢംബരങ്ങൾ ഒഴിവാക്കി എളിമയോടെ ജീവിക്കുന്നതാണ് തനിക്കിഷ്ടമെന്നും അദ്ദേഹം പറയുന്നു.

കെട്ടിടത്തിലെ ഏറ്റവും ധനികനായ ഒരാളായിട്ടും മാറ്റ്‌സുബാര താൻ പണക്കാരനാണെന്ന അഹങ്കാരം ഒരിക്കലും കാണിച്ചിട്ടില്ല. സാധാരണക്കാരന്റെ മട്ടും ഭാവവുമാണ് അദ്ദേഹം എപ്പോഴും നിലനിർ‌ത്തിയിരുന്നത്. എന്നിരുന്നാലും അദൃശ്യ കോടീശ്വരനെന്നാണ് ജപ്പാനിലെ പ്രദേശിക മാദ്ധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം, പ്രതിമാസം 1,08,180 രൂപ (180,000 യെൻ) ശമ്പളത്തിൽ ഒരു ഫാക്ടറിയിൽ ജോലി ചെയ്തുകൊണ്ടാണ് മാറ്റ്‌സുബാര തന്റെ കരിയറിന് ആരംഭം കുറിച്ചത്. ചെലവുകൾ കർശനമായി നിയന്ത്രിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ 17,73,443 ലക്ഷം രൂപ (മൂന്ന് മില്യൺ യെൻ) ലാഭിച്ചു. ഈ പണം ഉപയോഗിച്ചാണ് അദ്ദേഹം ആദ്യമായി ഒരു സ്റ്റുഡിയോ ഫ്ലാറ്റ് സ്വന്തമാക്കുന്നത്.

ഭവന വിപണികളിൽ തകർച്ച നേരിട്ടിരുന്ന സമയമായിരുന്നു അത്. വാടകയ്ക്ക് ആളില്ലാതെ കിടക്കുന്നത് ഒഴിവാക്കാനും അതുപോലെ കടം വേഗം അടച്ചുതീർക്കാനും പ്രത്യേകം ശ്രദ്ധിച്ചു. അങ്ങനെയാണ് പതിയെപ്പതിയെ തന്റെ സ്വത്തുക്കൾ വർദ്ധിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് ടോക്കിയോയിലും പ്രാന്തപ്രദേശങ്ങളിലുമായി ഏഴ് വാടക ഫ്ലാറ്റുകളാണ് മാറ്റ്‌സുബാരയ്ക്കുള്ളത്. കൂടാതെ സ്റ്റോക്ക് മാർക്കറ്റിൽ ഫണ്ടുകളും നിക്ഷേപങ്ങളുമുണ്ട്. ഇത്രയധികം സമ്പത്തും നിക്ഷേപങ്ങളുമുണ്ടായിട്ടും വളരെ ലളിതമായ ജീവിതമാണ് മാറ്റ്‌സുബാര തുടരുന്നത്.