ആദ്യ ടെസ്റ്റിൽ വിൻഡീസിനെ പരുങ്ങലിലാക്കി ഇന്ത്യ, ആറ് വിക്കറ്റ് നഷ്ടം, തിരിച്ചടി തുടക്കത്തിൽ തന്നെ
ന്യൂഡൽഹി: ഇന്ത്യ വെസ്റ്റിൻഡീസ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം വെസ്റ്റിൻഡീസിന് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ടെങ്കിലും, ഇന്ത്യൻ ബൗളർമാർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചതോടെ വിൻഡീസിനെ 28 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിലേക്ക് ഒതുക്കി. മുഹമ്മദ് സിറാജാണ് വിൻഡീസ് നിരയിൽ ആദ്യ പ്രഹരമേൽപ്പിച്ചത്. ഓപ്പണർ തഗെനരൈൻ ചന്ദർപോളിനെ 11ാം പന്തിൽ പൂജ്യത്തിൽ സിറാജ് പുറത്താക്കി.
പിന്നാലെ ചന്ദർപോളിനൊപ്പം ഇറങ്ങിയ ഓപ്പണർ ജോൺ കാമ്പലിനെ 8(12) പുറത്താക്കി ജസ്പ്രീത് ബുംറ ഇന്ത്യക്ക് അടുത്ത വിക്കറ്റ് സമ്മാനിച്ചു. തുടർന്ന് സിറാജ് വീണ്ടും ഇരട്ട പ്രഹരം ഏൽപ്പിച്ചതോടെ വിൻഡീസ് പ്രതിരോധത്തിലായി. സിറാജിന്റെ പന്തിൽ ആർ എൽ ചെയിസിന്റെ 24 (43) വിക്കറ്റാണ് ഏറ്റവും ഒടുവിലായി വിൻഡീസിന് നഷ്ടമായത്.
ഷായ് ഹോപ്പും റോസ്റ്റൺ ചേസും ചേർന്ന് ഒരു ചെറിയ കൂട്ടുകെട്ട് പടുത്തുയർത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും, ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് ഹോപ്പിന്റെ വിക്കറ്റ് വീണു. തന്റെ രണ്ടാം ഓവറിൽ മികച്ച ഒരു പന്തിലൂടെ കുൽദീപ് യാദവ് ഷായ് ഹോപ്പിനെ പുറത്താക്കി. ഇതോടെ വിൻഡീസ് പരുങ്ങലിലായി.
കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് സ്പിൻ നിരയിൽ ഇന്ത്യൻ ടീമിൽ ആധിപത്യം പുലർത്തുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് പേസ് നിരയിൽ നേതൃത്വം നൽകുന്നത്. നിതീഷ് കുമാർ റെഡ്ഡി ഓൾറൗണ്ടറായും ടീമിലുണ്ട്. രോഹിത് ശർമ്മ, വിരാട് കൊഹ്ലി, ആർ അശ്വിൻ എന്നിവർ വിരമിച്ച ശേഷം ഇന്ത്യയിൽ നടക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്.