ഇന്ത്യ-വെസ്റ്റിൻഡീസ് ടെസ്റ്റ്: ആദ്യ ദിനം വിൻഡീസ് 162-ന് പുറത്ത്; സിറാജിന് നാല് വിക്കറ്റ്

Thursday 02 October 2025 2:42 PM IST

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഒന്നാം ടെസ്റ്റ് ആദ്യ ദിനം വെസ്റ്റിൻഡീസിനെ വെറും 162 റൺസിന് ഓൾഔട്ടാക്കി ഇന്ത്യ. ഇന്ത്യൻ പേസർമാരുടെ ഉജ്ജ്വല പ്രകടനമാണ് വിൻഡീസിനെ തകർത്തത്. ഇന്ത്യൻ താരം മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകിയപ്പോൾ, ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി.

വിൻഡീസ് നിരയിൽ ഷായ് ഹോപ് (26), ക്യാപ്റ്റൻ ജസ്റ്റിൻ ഗ്രീവ്‌സ് (32) എന്നിവർക്കൊഴികെ മറ്റാർക്കും 15 റൺസിന് മുകളിൽ നേടാനായില്ല. ഇന്ത്യൻ ബൗളിംഗിന് മുന്നിൽ വിൻഡീസ് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു.

മത്സരത്തിനിടെ ജസ്പ്രീത് ബുംറ പുതിയൊരു റെക്കാർഡും സ്വന്തമാക്കി. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ പേസറായി ബുംറ മാറി. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ ശുഭ്മാൻ ഗില്ലിന്റെ രണ്ടാമത്തെ പരമ്പരയും സ്വന്തം നാട്ടിൽ ഗിൽ നയിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയുമാണിത്.