'തകർക്കാവുന്നതിന്റെ പരമാവധി തകർത്തു, കോടതിയിൽ ബോദ്ധ്യപ്പെടുത്താം'; വ്യക്തിത്വമുണ്ടെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്പങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിര ഉയർന്ന ആരോപണങ്ങളിലെ വസ്തുത തെളിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് ബംഗളൂരുവിലെ വ്യവസായി ഉണ്ണിക്കൃഷ്ണൻ പോറ്റി. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ പാളികളുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗുരുതര കണ്ടെത്തലുകളാണ് ദേവസ്വം വിജിലൻസ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്കെതിരെ കണ്ടെത്തിയത്. ബംഗളൂരുവിലായിരുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റി ഇന്ന് രാവിലെ 11 മണിയോടെയാണ് തിരുവനന്തരപുരം കാരേറ്റുളള കുടുംബ വീട്ടിലെത്തിയത്. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം കൃത്യമായി പ്രതികരിച്ചിട്ടില്ല.
'എനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഒരു തെറ്റും ചെയ്തിട്ടില്ല. കോടതിയിൽ കാര്യങ്ങൾ ധരിപ്പിച്ചോളാം. എനിക്കൊരു വ്യക്തിത്വം ഉണ്ട്. തകർക്കാവുന്നതിന്റെ പരമാവധി എന്നെ തകർത്തുകഴിഞ്ഞു. കേസ് ഹൈക്കോടതി പരിഗണനയിലുളളതാണ്. ഹൈക്കോടതിയുടെ ആവശ്യപ്രകാരം രേഖകൾ ഹാജരാക്കും. എന്റെ ഭാഗം ശരിയുണ്ടോ അതോ തെറ്റാണോയെന്ന് കോടതി തീരുമാനിക്കട്ടെ. അന്വേഷണം നടക്കട്ടെ'- ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞു.
വിശദമായ ചോദ്യം ചെയ്യലിനായി ഉണ്ണിക്കൃഷ്ണൻ പോറ്റിയോട് ശനിയാഴ്ച ഹാജരാകാൻ ദേവസ്വം വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ദേവസ്വം വിജിലൻസ് നോട്ടീസ് നൽകിയിട്ടുണ്ടോയെന്ന കാര്യത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി വ്യക്തത വരുത്തിയിട്ടില്ല. അതേസമയം, ഉണ്ണിക്കൃഷ്ണൻ പോറ്റിക്കെതിരെ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തും രംഗത്തെത്തിയിരുന്നു. സ്വർണപ്പാളി വിവാദത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
'ഉണ്ണിക്കൃഷ്ണൻ പോറ്റി ആരാണെന്ന് ദേവസ്വം ബോർഡിന് ധാരണയില്ല. അദ്ദേഹം തന്നെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതില്‍ സന്തോഷമുണ്ട്. ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍, ആ കുഴിയില്‍ അദ്ദേഹം തന്നെ വീണു. 2019ൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായി. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പക്കല്‍ സ്വര്‍ണ്ണപ്പാളി കൊടുത്തുവിടാന്‍ പാടില്ലായിരുന്നു'- പ്രശാന്ത് വ്യക്തമാക്കി.