ഗുരുവായൂരപ്പന്റെ ഓരോരോ ലീലകൾ,​ സഖാവിന് നിറയെ പൂത്തുലഞ്ഞ ഒരു പാല തന്നെ ഭഗവാനങ്ങോട്ട് കൊടുത്തു: സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് കുറിപ്പ്

Saturday 28 September 2019 11:06 PM IST

തിരുവനന്തപുരം: പാലായിലെ എൽ.ഡി.എഫ് വിജയത്തെ പരാമർശിച്ച് കൊണ്ടുള്ള സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനവും പാലായിലെ മാണി. സി. കാപ്പന്റെ അപ്രതീക്ഷിത വിജയവും കോർത്തിയിണക്കിയാണ് സ്വാമിയുടെ പോസ്റ്റ്. 'സന്തോഷവാനായ ഭഗവാൻ ശ്രീകോവിലിൽനിന്ന് തന്റെ പ്രിയ സഖാവിനോടു ചോദിച്ചു എന്താ വേണ്ടത് ? ഒട്ടും മടിക്കാതെ മനസ്സിൽ സങ്കല്പിച്ചോളൂ', സന്ദീപാനന്ദ സ്വാമി ഫേസ്ബുക്കിൽ കുറിച്ചു. നിറയെ പൂത്തുലഞ്ഞ ഒരു പാല തന്നെ ഭഗവാനങ്ങോട്ട് കൊടുത്തെന്നും സ്വാമി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഗുരുവായൂരപ്പന്റെ ഓരോരോ ലീലകള്.....||
അച്ഛാ ഗുരുവായൂരപ്പന്റെ പുതിയ ലീല വല്ലതും പറയൂ..
ന്റെ ഉണ്ണീ,
ഗുരുവായൂരപ്പന് വേഷം കെട്ടിയ കപടഭക്തരെ തീരെ പിടിക്കില്യ.


ന്നാ ശരിയായ ഭക്തനെ കാണാൻ ഭഗവാൻ കണ്ണും നട്ട് ശ്രീകോവിലിൽ നിന്ന് പുറത്തേക്ക് ഇമവെട്ടാതെ നോക്കികൊണ്ടിരിക്കും.അത്ഭുതം എന്ന് പറഞ്ഞാ മതീലോ ഏതാനും ദിവസം മുമ്പ് ഭഗവാൻ കാണണം എന്നാഗ്രഹിച്ച ആള് അതാ കൊടിമരത്തിന്റെ പരിസരത്ത് നിന്ന് അകത്തേക്ക് ഒരുനോട്ടം,ഉണ്ണീ ഒരു നോട്ടം ല്ലട്ടോ ഒരൊന്നൊന്നര നോട്ടം. ഭഗവാനെ ആദ്യായിട്ട് മുഖ്കണ്ട രുക്മിണിയും ഇതുപോലെയായിരുന്നു നോക്കിയത്.


സന്തോഷവാനായ ഭഗവാൻ ശ്രീകോവിലിൽനിന്ന് തന്റെ പ്രിയ സഖാവിനോടു ചോദിച്ചു എന്താ വേണ്ടത് ?
ഒട്ടും മടിക്കാതെ മനസ്സിൽ സങ്കല്പിച്ചോളൂ....
സഖാവ് മനസ്സിൽ പറഞ്ഞു;കൃഷ്ണാ ഒരു പൂപോലും ഞാൻ കരുതിയില്ലല്ലോ അവിടുത്തേക്ക് അർപ്പിക്കാൻ.


അവിടുത്തെ നിശ്ചയം നടക്കട്ടെയെന്ന് മനസ്സിൽ പറഞ്ഞു അവിടുന്ന് അയച്ച ഗജവീരന്മാരെ കണ്ടു സന്തോഷത്തോടെ ഒന്നും ആവശ്യപ്പെടാതെ മടങ്ങി.
പണ്ട് സഖാവായ കുചേലന്റെ കാര്യത്തിലെന്നപോലെ തിരിച്ച് വീട്ടിലെത്തിയ നമ്മുടെ സഖാവിന് ഗുരുവായൂരപ്പൻ നല്കിയത് എന്താ ന്ന് ഉണ്ണിക്ക് അറിയോ?
ല്യച്ഛാ പറയൂ..


നിറയെ പൂത്തുലഞ്ഞ ഒരു #പാല തന്നെ ഭഗവാനങ്ങോട്ട് കൊടുത്തു.
ഭഗവാന്റെ #കാരുണ്യ അപാരമാണ്.
എല്ലാം അറിഞ്ഞ് ചെയ്യും..


.ന്റെഉണ്ണീ വല്ലതും മനസ്സിലായോ?
മ്ം..മനസ്സിലായച്ഛാ ജനങ്ങളോടുള്ള ഭക്തിയാണ് ഭഗവാനോടുള്ള ശരിയായ ഭക്തി