വിന്‍ഡീസിനെ ചുരുട്ടിക്കെട്ടി ഇന്ത്യ; അഹമ്മദാബാദ് ടെസ്റ്റില്‍ ശക്തമായ നിലയില്‍

Thursday 02 October 2025 6:43 PM IST

അഹമ്മദാബാദ്: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ വെറും 162 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് എന്ന നിലയിലാണ്. യശസ്വി ജയ്‌സ്‌വാള്‍ 36(54), സായ് സുദര്‍ശന്‍ 7(19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. അര്‍ദ്ധ സെഞ്ച്വറി നേടി ബാറ്റിംഗ് തുടരുന്ന കെഎല്‍ രാഹുല്‍ 53*(114), ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ 18*(42) എന്നിവരാണ് ക്രീസിലുള്ളത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു. സിറാജിന് നാല് വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ ബുംറയ്ക്ക് മൂന്ന് വിക്കറ്റുകള്‍ കിട്ടി. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിന് രണ്ട് വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദറിന് ഒരു വിക്കറ്റും ലഭിച്ചു. 32(48) റണ്‍സ് നേടിയ ജസ്റ്റിന്‍ ഗ്രീവ്‌സ് ആണ് സന്ദര്‍ശക നിരയിലെ ടോപ് സ്‌കോറര്‍.

ഓപ്പണര്‍മാരായ ജോണ്‍ കാംബെല്‍ 8(19), ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ 0(11), അലിക് അത്തനാസെ 12(24), ബ്രാന്‍ഡന്‍ കിംഗ് 13(15), ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് 24(43), ഷായ് ഹോപ് 26(36), ക്യാരി പിയേര്‍ 11(34), വാരിക്കന്‍ 8(16), യൊഹാന്‍ ലെയ്ന്‍ 1(4) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ജെയ്ഡന്‍ സീല്‍സ് 6*(16) പുറത്താകാതെ നിന്നു. മഴ കാരണം ഒന്നാം ദിവസം നിശ്ചിത 90 ഓവറുകള്‍ കളി നടന്നിരുന്നില്ല.