ഇടപ്പള്ളിയിൽ ഗുണ്ടകളുടെ ഏറ്റുമുട്ടൽ: മുഖ്യപ്രതിയുടെ മകൻ അറസ്റ്റിൽ

Friday 03 October 2025 12:32 AM IST

കൊച്ചി: ഇടപ്പള്ളി പള്ളി കപ്പേളയ്ക്ക് സമീപം തൃശൂരിലെ ഗുണ്ടകൾ ഏറ്റുമുട്ടിയ കേസിൽ മുഖ്യപ്രതിയുടെ മകൻ അറസ്റ്റിൽ. തൃശൂർ പെരിങ്ങോട്ടുകര അയ്യാണ്ടി വീട്ടിൽ എ.വി.രാഗേഷിനെ മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിച്ച സംഘത്തിലെ പ്രതി തൃശൂർ കാട്ടൂർ കാരഞ്ചിറയിൽ അക്ഷയിനെയാണ് (അച്ചു 28) എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് നേതൃത്വം നൽകിയ ഹരീഷിന്റെ മകനാണ് ഇയാൾ.

23ന് രാത്രി 8.30നായിരുന്നു ആക്രമണം. അക്ഷയാണ് രാഗേഷിനെ കുത്തിപ്പരുക്കേൽപ്പിച്ചതെന്ന് എളമക്കര പൊലീസ് അറിയിച്ചു. ഹരീഷിന്റെ നേതൃത്വത്തിലാണ് തടഞ്ഞുവച്ചത്. ഈ സമയം കത്തി ഉപയോഗിച്ച് രാഗേഷിന്റെ വലത്തേ ചെവിയുടെ പുറകിൽ തലയിലാണ് കുത്തേറ്റത്. സംഘത്തിലെ മറ്റൊരാൾ ഇരുമ്പ് വടി കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു.

 നിരവധി കേസുകളിൽ പ്രതി

പരിക്കേറ്റ രാഗേഷും മുഖ്യപ്രതി ഹരീഷും നിരവധി കേസുകളിലെ പ്രതികളും കാപ്പ പട്ടികയിൽപ്പെട്ടവരുമാണ്. ഭാര്യയുടെ മരണത്തിന് പിന്നിൽ രാഗേഷാണെന്ന സംശയത്തെ തുടർന്നാണ് ഹരീഷ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് സൂചന. സംഭവത്തിന് ശേഷം കടന്ന ഹരീഷിനെ മറ്റൊരു കേസിൽ തൃശൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളും രാഗേഷും ഇടപ്പള്ളിയിൽ വരാനുണ്ടായ സാഹചര്യം പൊലീസ് അന്വേഷിക്കുകയാണ്. വധശ്രമത്തിന് ഉൾപ്പെടെയാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.