സാധനം വില്‍ക്കാന്‍ വീടുകളിലെത്തുന്നവരില്‍ ഭായിമാരും; മലയാളികളെ പറ്റിക്കുന്ന ഈ ഏര്‍പ്പാട് വ്യാപകമാകുന്നു

Thursday 02 October 2025 7:49 PM IST

കേരളത്തിലെ ഗ്രാമ മേഖലകള്‍ മുതല്‍ പട്ടണങ്ങളിലെ വീടുകളില്‍ വരെ പരീക്ഷിക്കപ്പെടുന്ന തട്ടിപ്പ് അടുത്തിടെയായി വ്യാപകമാകുകയാണ്. ഒറ്റ നോട്ടത്തില്‍ വന്‍ ലാഭമെന്ന് തോന്നിക്കുന്ന തരത്തിലുള്ള ഈ തട്ടിപ്പിന് നിരവധിപേര്‍ ഇരയാകുന്നുമുണ്ട്. വീടുകളില്‍ നേരിട്ടെത്തി വില്‍പ്പന നടത്തുന്ന മെത്തകള്‍ വാങ്ങി പണം പോകുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. യാതൊരു ഗുണനിലവാരവുമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന മെത്തകള്‍ വില്‍ക്കുന്നതാകട്ടെ എട്ട് ഇരട്ടി വരെ അമിത വില നല്‍കിയാണ്.

ഒരു വാഹനത്തിന് മുകളിലായി നിരവധി മെത്തകള്‍ വെച്ച് കെട്ടിയാണ് സംഘം എത്തുക. ഈ കൂട്ടത്തില്‍ മുന്‍നിര ബ്രാന്‍ഡഡ് കമ്പനികളുടെ വ്യാജനും ഇടംപിടിച്ചിട്ടുണ്ടാകും. ഏതെങ്കിലും ഒരു ജംഗ്ഷന്‍ കേന്ദ്രീകരിച്ച് വാഹനം പാര്‍ക്ക് ചെയ്ത ശേഷം സംഘത്തിലുള്ളവര്‍ പല കോണുകളിലേക്കായി തിരിഞ്ഞ് പ്രദേശത്തെ വീടുകള്‍ കയറി ഇറങ്ങും. അതിന് ശേഷം വീട്ടുകാരോട് സംസാരിച്ച് വില്‍പ്പന എന്നതാണ് രീതി. പഴയ മെത്ത മാറ്റിയെടുക്കാമെന്നും വന്‍ വിലക്കുറവിന് കമ്പനി സാധനം ലഭിക്കുമെന്ന ഓഫറും കേള്‍ക്കുമ്പോള്‍ വീട്ടുകാര്‍ ഇതില്‍ വീഴുകയും ചെയ്യും.

റെഡി ക്യാഷ് സംവിധാനത്തിന് പുറമേ തവണകളായി പണം അടയ്ക്കാവുന്ന ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയിലും സാധനം നല്‍കും എന്ന് കൂടി കേള്‍ക്കുമ്പോള്‍ ആളുകള്‍ വിശ്വസിക്കും. 5000 രൂപയാണ് മെത്തയുടെ വില എന്നാണ് ആദ്യം പറയുക. ഇത് റെഡി ക്യാഷ് ആണെങ്കില്‍ ഉള്ള വിലയാണ്. ഇനി തവണകളായി അടയ്ക്കാനാണ് താത്പര്യമെങ്കില്‍ വില അല്‍പ്പം കൂടുമെന്ന് പറയും. ഏഴായിരം രൂപ വരെ ആയിരിക്കും അപ്പോള്‍ വിലയെന്നും അതിന്റെ പകുതി അഡ്വാന്‍സ് ആയി നല്‍കണമെന്നുമാണ് വ്യവസ്ഥ.

പകുതി വില (3500 രൂപ) നല്‍കി ബാക്കി തവണകളായി അടയ്ക്കാം എന്ന് വീട്ടുകാര്‍ സമ്മതിക്കും. സാധനത്തിന് എന്തെങ്കിലും കേട് വന്നാല്‍ മാസം തോറും പണം പിരിക്കാന്‍ എത്തുന്നവരോട് കാര്യം പറയാലോ എന്നാണ് വീട്ടുകാര്‍ കരുതുക. എന്നാല്‍ 3500 രൂപയ്ക്ക് സാധനം നല്‍കി സ്ഥലം വിടുന്നവര്‍ പിന്നീട് ബാക്കി തുക ശേഖരിക്കാന്‍ വരികയുമില്ല. ഇതോടെയാണ് തട്ടിക്കപ്പെട്ടുവെന്ന് പലര്‍ക്കും മനസ്സിലാകുന്നത്. ഇവര്‍ നല്‍കിയ നമ്പറിലേക്ക് വിളിക്കാമെന്ന് കരുതിയാല്‍ മറുവശത്ത് നിന്ന് അങ്ങനെയൊരു നമ്പര്‍ നിലവിലില്ല എന്ന സന്ദേശമായിരിക്കും ലഭിക്കുക.

തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ഫാക്ടറികളില്‍ നിന്ന് പുറംതള്ളുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നവയാണ് ഈ മെത്തകള്‍. ഒരു ഡബിള്‍ സൈസിന് നിര്‍മാണ് ചെലവ് വരുന്നത് 500 രൂപയ്ക്ക് അടുത്ത് മാത്രമാണ്. ഇതാണ് 3500 രൂപ മുതല്‍ മുകളിലേക്ക് ഈടാക്കി വില്‍ക്കുന്നത്. സമാനമായ രീതിയില്‍ തന്നെയാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ എത്തി വില്‍പ്പന നടത്തുന്ന കിടക്കവിരി, കാര്‍പെറ്റ് പോലുള്ള വസ്തുക്കളിലും തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നത്.