ഒരു ചെടിച്ചട്ടിക്ക് കൈക്കൂലി 3 രൂപ കളിമൺപാത്ര കോർപ്പറേഷൻ ചെയർമാനെ പുറത്താക്കി നടപടി വിജിലൻസ് അറസ്റ്റിന് പിന്നാലെ
തൃശൂർ/ തിരുവനന്തപുരം: ഒരു ചെടിച്ചട്ടിക്ക് മൂന്നു രൂപവച്ച് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ സി.ഐ.ടി.യു നേതാവ് കെ.എൻ. കുട്ടമണിയെ കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കി. മന്ത്രി ഒ.ആർ. കേളുവിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. സി.ഐ.ടി.യു സംസ്ഥാന സമിതി അംഗവും കളിമൺപാത്ര നിർമ്മാണത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറിയുമാണ് കുട്ടമണി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ
പട്ടികജാതി വികസന വകുപ്പ് സെക്രട്ടറിയോടും മന്ത്രി നിർദ്ദേശിച്ചു.
കോഴിക്കോട് സ്വദേശിയുടെ പരാതിയെ തുടർന്ന് ബുധനാഴ്ച തൃശൂർ വടക്കേ സ്റ്റാൻഡിന് സമീപത്തെ ഇന്ത്യൻ കോഫി ഹൗസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. വളാഞ്ചേരി നഗരസഭയിൽ വിതരണം ചെയ്യാനായി 5,372 ചെടിച്ചട്ടികൾ വാങ്ങുന്നതിന് കോഴിക്കോട് സ്വദേശി തൃശൂർ പാലിയേക്കരയിൽ നടത്തുന്ന കളിമൺപാത്ര നിർമ്മാണ യൂണിറ്റിന് കരാർ നൽകിയതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്.
സെപ്തംബർ 21ന് കുട്ടമണി ഫോണിലൂടെ 25,000 രൂപ ആവശ്യപ്പെട്ടു.
പിന്നീട് 20,000 രൂപ ഗൂഗിൾ പേ വഴി നൽകിയാൽ മതിയെന്നും അറിയിച്ചു. ഒരു ചെടിച്ചട്ടിക്ക് മൂന്നുരൂപ വച്ച് വേണമെന്നായിരുന്നു ആവശ്യം. ബിൽ വേഗം മാറി നൽകാമെന്നും വാഗ്ദാനം ചെയ്തു. തുടർന്ന് കോഴിക്കോട് സ്വദേശി വിജിലൻസ് ഡിവൈ.എസ്.പിയെ വിവരമറിയിക്കുകയായിരുന്നു. ആദ്യഗഡുവായി 10,000 രൂപ നേരിട്ട് വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. കുട്ടമണിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.