സ്വർണപ്പാളി ഉണ്ണികൃഷ്ണൻപോറ്റിക്ക് കൈമാറിയത് അപരാധം: പി.എസ്. പ്രശാന്ത്

Friday 03 October 2025 1:28 AM IST

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളി 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചത് ഉദ്യോഗസ്ഥരുടെ അക്ഷന്തവ്യമായ അപരാധമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. പൂജാ അവധിക്കു ശേഷം സ്വർണത്തിന്റെ അളവ്,​ മാറ്റ് എന്നിവയിലും ഉണ്ണികൃഷ്ണൻപോറ്റിയെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന് കോടതിയോട് ആവശ്യപ്പെടും. പോറ്റിയെക്കുറിച്ച് കൃത്യമായ ധാരണ ബോർഡിനില്ല.

ശബരിമലയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് ഒരു കാര്യവും ഒളിക്കാനും മറയ്ക്കാനുമില്ല. ദേവസ്വം മന്ത്രിയുമായി ചർച്ച ചെയ്തശേഷമാണ് താൻ പ്രതികരിക്കുന്നതെന്നും പി.എസ്. പ്രശാന്ത് കേരളകൗമുദിയോട് പറഞ്ഞു.