ശബരിമലയിൽ നടന്നത് വൻതട്ടിപ്പ്: സതീശൻ
പത്തനംതിട്ട: ഭക്തർ ഭഗവാന് സമർപ്പിച്ച സ്വർണം കവർന്നെടുത്തത് ഉൾപ്പെടെ ശബരിമലയിൽ നടന്നത് വൻ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേവസ്വം ബോർഡിന്റെയും ഇടനിലക്കാരന്റെയും അറിവോടെയാണ് സ്വർണം കട്ടെടുത്തത്. 40 വർഷം വാറന്റിയുള്ള സ്വർണം എല്ലാ നിയമങ്ങളും ലംഘിച്ച് ഹൈക്കോടതിയുടെ അനുമതിയില്ലാതെ 20 വർഷം കഴിഞ്ഞപ്പോൾ പുറത്തേക്ക് കൊണ്ടുപോയി. അത് തിരിച്ചെത്തിച്ചപ്പോൾ സ്വർണം നഷ്ടമായെന്ന് ബോർഡിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിവച്ച്, സ്വർണം മോഷ്ടിച്ചവരെ സഹായിക്കുന്ന നിലപാടാണ് ബോർഡും സർക്കാരും സ്വീകരിക്കുന്നത്. രണ്ടു ദേവസ്വം മന്ത്രിമാർക്കും രണ്ട് ദേവസ്വം പ്രസിഡന്റുമാർക്കും ഇതിന്റെ ഉത്തരവാദിത്വമുണ്ട്. ശബരിമലയുടെ പേരിൽ പണപ്പിരിവ് നടത്താൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ആരാണ് അനുമതി നൽകിയത്. കൊണ്ടുപോയ സ്വർണം എങ്ങനെയാണ് ഇയാളുടെ ബന്ധുവീട്ടിൽ നിന്ന് കിട്ടിയത്. കിലോക്കണക്കിന് സ്വർണം അടിച്ചുമാറ്റിയിരിക്കുന്ന ക്രിമിനൽ കേസാണിത്.