വനിതാ ലോകകപ്പിലും പാകിസ്ഥാന് രക്ഷയില്ല; ബംഗ്ലാദേശിനോട് നാണംകെട്ട തോല്‍വി

Thursday 02 October 2025 8:47 PM IST

കൊളംബോ: വനിതകളുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാന് തോല്‍വി. തങ്ങളുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ആണ് പാകിസ്ഥാനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം 31.1 ഓവറില്‍ മൂന്ന് വിക്കറ്റുകളുടെ നഷ്ടത്തില്‍ ബംഗ്ലാദേശി വനിതകള്‍ മറികടക്കുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ നിറംമങ്ങിയതാണ് പാകിസ്ഥാന് വിനയായത്. ഇന്ത്യക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം.

വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് വേണ്ടി റൂബ്യ ഹൈദര്‍ 54*(77)അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. ശോഭന മൊസ്താറി 24*(19)യും പുറത്താകാതെ നിന്നു. ഫര്‍ഗാന ഹഖ് 2(17), ഷര്‍മീന്‍ അക്തര്‍ 10(30), ക്യാപ്റ്റന്‍ നൈഗര്‍ സുല്‍ത്താന 23(44) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. പാകിസ്ഥാന് വേണ്ടി ഡയാന ബായ്ഗ്, റമീന്‍ ഷമീം, ഫാത്തിമ സന എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 38.3 ഓവറില്‍ 129 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 39 പന്തുകളില്‍ നിന്ന് 23 റണ്‍സ് നേടിയ റമീന്‍ ഷമീന്‍ ആണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. മുനീബ അലി 17(35), ഒമൈമ സൊഹൈല്‍ 0(1), സിദ്ര അമീന്‍ 0(1), ആലിയ റിയാസ് 13(43), സിദ്ര നവാസ് 15(20), ക്യാപ്റ്റന്‍ ഫാത്തിമ സന 22(33), നതാലിയ പര്‍വെയ്‌സ് 9(14), ഡയാന ബായ്ഗ് 16*(22), നഷ്‌റ സന്ധു 1(7), സയ്ദ ഇഖ്ബാല്‍ 4(17) എന്നിങ്ങനെയാണ് പാക് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഷൊര്‍ണ അക്തര്‍ ബൗളിംഗില്‍ തിളങ്ങി. മാറൂഫ അക്തര്‍, നാഹിദ അക്തര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും നിഷിത അക്തര്‍, ഫഹീമ ഖാത്തൂണ്‍, റബേയ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.