വോട്ട് ചോരി ക്യാമ്പയിൻ ദേശീയ തലത്തിലാക്കണം: പ്രശാന്ത് ഭൂഷൺ

Friday 03 October 2025 1:57 AM IST

തിരുവനന്തപുരം: വോട്ട് ചോരി ക്യാമ്പയിൻ ദേശീയതലത്തിൽ നടത്തണമെന്ന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മി​റ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗവൺമെന്റ് ഏകപക്ഷീയമായി ഇലക്ഷൻ കമ്മിഷനെ നിയമിക്കുന്നതു അനുചിതമാണ്. കമ്മിഷനെ നേർവഴിക്ക് നയിക്കാൻ ജനകീയ പ്രതിരോധം ഉയർന്നുവരണം.

ഭരണ സംവിധാനത്തിന് ആരെയും ക്രിമിനൽ കേസുകളിൽ പ്രതിയാക്കാം. ഇങ്ങനെ പ്രതിയാക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള നീക്കത്തെ ചെറുത്തു തോൽപ്പിക്കണം.

ഇലക്ഷന്റെ അവസാന നിമിഷങ്ങളിൽ വോട്ടർമാരുടെ എണ്ണം വർദ്ധിക്കുന്നത് അവിശ്വസനീയമാണ്. സംശയം ഒഴിവാക്കാൻ പോളിംഗ് ബൂത്തുകളിൽ വീഡിയോ റെക്കാഡിംഗ് ആവശ്യമാണ്.

തിരഞ്ഞെടുപ്പ് ഇപ്പോൾ പണംകൊണ്ടുള്ള കളിയായി പരിണമിച്ചിരിക്കുന്നു.

സ്ഥാനാർത്ഥികളും പാർട്ടികളും വൻ തുകകൾ എവിടെ നിന്ന് സമാഹരിക്കുന്നു എന്നത് പരിഗണിക്കപ്പെടേണ്ട വസ്തുതയാണ്. രാജ്യം കണ്ട ഏ​റ്റവും വ്യവസ്ഥാപിതമായ അഴിമതിയാണ് ഇലക്ടറൽ ബോണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി അദ്ധ്യക്ഷനായി.