യോഗേഷിന് പുറമേ മറ്റു ചിലർക്കും ക്ലിയറൻസില്ല

Friday 03 October 2025 1:04 AM IST

തിരുവനന്തപുരം: കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോവാൻ ഡി.ജി.പി യോഗേഷ് ഗുപ്തയ്ക്ക് മാത്രമല്ല, മറ്റ് ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്കും ക്ലിയറൻസ് നൽകാതെ സർക്കാർ. കേന്ദ്രത്തിൽ ഡി.ജി.പിയായി എംപാനൽ ചെയ്യാനും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) മേധാവി അടക്കമുള്ള ഉന്നത പദവികളിൽ പരിഗണിക്കാനുമാണ് യോഗേഷ് ഗുപ്തയ്ക്ക് വിജിലൻസിന്റെ ക്ലിയറൻസ് വേണ്ടത്. അതു അഞ്ചു ദിവസത്തിനകം നൽകാൻ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരിക്കുകയാണ്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായ ആർ.ഇളങ്കോയെ ഹൈദരാബാദിലെ നാഷണൽ പൊലീസ് അക്കാഡമിയിൽ അസി. ഡയറക്ടറായി നിയമനത്തിന് തിരഞ്ഞെടുത്തെങ്കിലും സർക്കാർ വിടുതൽ നൽകുന്നില്ല. എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റ്യൂട്ട് ഡയറക്ടറായ ജൂനിയർ ഐ.എ.എസ് ഉദ്യോഗസ്ഥൻ അനുപം മിശ്രയ്ക്കും കേന്ദ്രഡെപ്യൂട്ടേഷന് ക്ലിയറൻസ് നൽകിയിട്ടില്ല. മറ്റ് ചില ഉദ്യോഗസ്ഥരും അനുമതിക്കായി സർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. യോഗേഷിന് ക്ലിയറൻസ് നൽകാതെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുമോയെന്ന് വ്യക്തമല്ല.