കന്നിമാരിയിലെ ആലും തേക്കും ഇനി പൈതൃക വൃക്ഷങ്ങൾ

Friday 03 October 2025 1:15 AM IST
കന്നിമാരിയിലെ ആൽമരവും തേക്കും.

 400 വർഷം പഴക്കമുള്ള തേക്ക്

 250 വർഷമായ ആൽമരം

പട്ടഞ്ചേരി: പഞ്ചായത്തിയത്തിലെ കന്നിമാരിയമ്മൻ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള തേക്കുമരവും ആൽമരവും ഇനി പൈതൃക വ്യക്ഷങ്ങൾ. തേക്കിനെ ചുറ്റി വളർന്ന് നിൽക്കുന്ന ആൽമരം നയന മനോഹരമായ കാഴ്ചയാണ്. തൃശൂർ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(കെ.എഫ്.ആർ.ഐ) ആണ് വൃക്ഷങ്ങൾ പരിശോധിച്ച് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പട്ടഞ്ചേരി പഞ്ചായത്തിൽ നടന്ന ഹരിതോത്സവത്തിലാണ് രണ്ടു മരങ്ങളെയും പൈത്യക വൃക്ഷങ്ങളായി പ്രഖ്യാപിച്ചത്. വൃക്ഷങ്ങളുടെ കാലപ്പഴക്കം നിർണയിക്കുന്ന വിദഗ്ധനും ശാസ്ത്രജ്ഞനുമായ ഡോ.ആദർശിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ ഭാഗമായി കന്നിമാരിയിലെ തേക്കിന് 400 വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തി. ആൽമരത്തിന് 250 വർഷം പഴക്കമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 12 മീറ്റർ ചുറ്റളവുള്ള ആൽ മരത്തിന് 30 മീറ്റർ നീളവും 6 മീറ്റർ ചുറ്റളവുള്ള തേക്കിന് 38 മീറ്റർ ഉയരവുമാണുള്ളത്. വൃക്ഷങ്ങൾക്ക് സംരക്ഷണം നൽകാൻ ചുറ്റുമതിൽ നിർമ്മിച്ചിട്ടുണ്ട്. അരയാൽ വേരുകളും ശാഖകളും മുറിച്ചുമാറ്റാതെ സംരക്ഷിക്കുന്നു. അരയാലിലെ തേൻകൂട്ടവും സംരക്ഷിച്ചു പോരുന്നു. ഇരു വൃക്ഷങ്ങളുടെയും സംരക്ഷണത്തിനും പൈത്യക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുമായി കെ.എഫ്.ആർ.ഐക്ക് ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് വിദഗ്ധരെത്തി കാലപ്പഴക്കം നിർണയിച്ചത്. പട്ടഞ്ചേരി പഞ്ചായത്തിൽ വംശനാശ ഭീഷണി നേരിടുന്ന വൃക്ഷ തൈകൾ നട്ടു പരിപാലിക്കാൻ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും കേരള വന ഗവേഷണ സ്ഥാപനവും സംയുക്തമായി നടപ്പാക്കുന്ന ഗ്രീൻ കേരള പദ്ധതിയിൽ ഉൾപെടുത്തി പട്ടഞ്ചേരിയിൽ ഒന്നര എക്കറും, ചോഴിക്കാട് 50 സെന്റും, നെല്ലിമേട് 35 സെന്റും സ്ഥലം കണ്ടെത്തി. ഇവിടങ്ങളിൽ സുഗതം സൂക്ഷ്മ വനം, നിനവ് പുണ്യവനം, ആഴിചിറ സ്മൃതി വനം എന്നീ പേരുകളിൽ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.