യാഥാർത്ഥ്യമാകുമോ പറമ്പിക്കുളം ചെമ്മണാമ്പതി വനപാത?
കൊല്ലങ്കോട്: തമിഴ്നാടിനെ ആശ്രയിക്കാതെ കേരളത്തിലൂടെ വനപാത എന്ന ആവശ്യത്തിനായുള്ള സമരം അഞ്ചു വർഷം പിന്നിട്ടിട്ടും ആദിവാസി ഉന്നതികളിലേക്കുള്ള വനപാത നിർമ്മാണം എങ്ങുമെത്തിയില്ല. മുതലമട പഞ്ചായത്തിലെ 11ാം വാർഡായ പറമ്പിക്കുളത്തേക്ക് പോകണണമെങ്കിൽ 70 കിലോമീറ്റർ ചുറ്റി തമിഴ്നാടിനെ ആശ്രയിച്ചു വേണം യാത്ര ചെയ്യാൻ. വനപാത യാഥാർത്ഥ്യമായാൽ പറമ്പിക്കുളം തേക്കടിയിൽ നിന്ന് മുതലമയിലെ ചെമ്മണാമ്പതിയിൽ എത്തിച്ചേരും. 2019 സെപ്തംബർ 29ന് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധയും കെ.ബാബു എം.എൽ.എയും ഉൾപ്പെട്ട സംഘം കാട്ടിലൂടെ വഴി വെട്ടി പാതയ്ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാൽ മുതലമടയിൽ ഭരണ തുടർച്ചയിൽ ഈ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനോ വനപാത യാഥാർത്യമാക്കുവാനോ ഭരണ സമിതിയ്ക്ക് കഴിഞ്ഞില്ല. വീണ്ടും പഞ്ചായത്തിൽ അവിശ്വാസ പ്രമേയം വന്നതിനാൽ നിലവിൽ ജാസ്മിൽ ഷേക്ക് പ്രസിഡന്റായും വിനേഷ് വൈസ് പ്രസിഡന്റായുമുള്ള ഭരണസമിതിയാണ് നിലവിലുള്ളത്. ഭൂരിപക്ഷമില്ലാത്തതിനാൽ ഇങ്ങനെ അടിക്കടി ഭരണ പ്രതിസന്ധി നേരിടുന്ന മുതലമടയിൽ ചെമ്മണാമ്പതി മലയടിവാരം മുതൽ തേക്കടി വരെയുള്ള വനപാത യാഥാർത്യമാക്കാൻ ഇനിയെത്ര കാലം കാത്തിരിക്കണമെന്നാണ് ഉന്നതിയിലെ ആളുകൾ ചോദിക്കുന്നത്.
വനപാതയ്ക്കായുള്ള ശ്രമങ്ങൾ ഇതുവരെ
2019 സെപ്തംബർ 29ന് കെ.ബാബു എം.എൽ.എ, അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ എന്നിവരുടെ നേതൃത്വത്തിൽ ഉന്നതി വാസികൾ പാറകൾ പൊട്ടിക്കാതെ സഞ്ചരിക്കാവുന്ന വഴി കണ്ടെത്തി.
2020 ഒക്ടോബർ 2ന് പറമ്പിക്കുള്ളത്തു നിന്നും മലയിറങ്ങി എത്തിയ നൂറോളം പേർ ചെമ്മണ്ണാമ്പതി മലയടിവാരത്ത് നിയമം മറികടന്ന് വഴിവെട്ടൽ നടത്തി.
ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും വനവാസികളുമായി നടത്തിയ ചർച്ചയെ തുടർന്ന് നെന്മാറ ഡി.എഫ്.ഒ വനപാതയ്ക്കായി 0.9975 ഹെക്ടർ ഭൂമി അനുവദിച്ചു.
ചെമ്മണാമ്പതി മലയടിവാരം മുതൽ വെള്ളക്കൽതട്ടു വരെ 3325 മീറ്റർ 3 മീറ്റർ വീതിയിൽ വനപാത നിർമ്മിക്കാൻ മുഖ്യമന്ത്രി ജില്ലാ കളക്ടർക്ക് ഉത്തരവ് നൽകി.