അഹിംസ, അക്ഷര, വീണ 'അമ്മ'ത്തൊട്ടിലിന് ഒറ്റദിവസം എത്തിയത് മൂന്ന് പെൺകുരുന്നുകൾ
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരം, ആലപ്പുഴ അമ്മത്തൊട്ടിലുകളിൽ ബുധനാഴ്ച രാത്രി എത്തിയത് മൂന്ന് പെൺകുരുന്നുകൾ. ഗാന്ധിജയന്തിയും വിദ്യാരംഭവും സമ്മേളിച്ച അവസരത്തിൽ അമ്മത്തൊട്ടിലിലെത്തിയ പെൺകുഞ്ഞുങ്ങൾക്ക് അഹിംസ,അക്ഷര,വീണ എന്നീ പേരുകളും നൽകി.
തിരുവനന്തപുരം അമ്മത്തൊട്ടിലിൽ രണ്ട് കുഞ്ഞുങ്ങളെയും ആലപ്പുഴയിൽ ഒരു കുഞ്ഞിനെയുമാണ് ലഭിച്ചത്. ബുധനാഴ്ച രാത്രി 8ന് തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ആറ് ദിവസം പ്രായവും 2.300 കി.ഗ്രാം ഭാരവുമുള്ള ആദ്യത്തെ കുഞ്ഞെത്തി. വെളുപ്പിന് 3.30ന് രണ്ടാഴ്ചപ്രായവും 3.300 കി.ഗ്രാം ഭാരവുള്ള കുഞ്ഞിനെയും ലഭിച്ചു. ആലപ്പുഴയിൽ അർദ്ധരാത്രി 12.55ന് ലഭിച്ച കുഞ്ഞിന് 20 ദിവസം പ്രായവും 3.300 കി.ഗ്രാം ഭാരവുമുണ്ട്. ശിശുക്ഷേമസമിതി 2002 നവംബർ 14ന് സംസ്ഥാന ആസ്ഥാനത്തും ജില്ലകളിലും അമ്മത്തൊട്ടിലുകൾ സ്ഥാപിച്ചശേഷം ആദ്യമായാണ് ഒരുദിവസം മൂന്ന് കുട്ടികളെ ലഭിക്കുന്നത്. പ്രാഥമിക ആരോഗ്യ പരിശോധനയിൽ ആരോഗ്യവതികളായ കുട്ടികൾ ശിശുപരിചരണ കേന്ദ്രങ്ങളിൽ കഴിയുന്നു. പെൺകുഞ്ഞുങ്ങളുടെ ദത്തെടുക്കൽ നടപടികൾ ആരംഭിക്കേണ്ടതിനാൽ അവകാശികളുണ്ടെങ്കിൽ സമിതിയുമായി ഉടൻ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അരുൺ ഗോപി അറിയിച്ചു.