മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചു,ആളപായമില്ല

Friday 03 October 2025 12:57 AM IST

ഫോർട്ട്കൊച്ചി:കൊച്ചിയിൽ നിന്നു മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചു.ആളപായമില്ല.പള്ളിത്തോട് സ്വദേശി സ്റ്റാലിൻ പുത്തൻവീട്ടിലിന്റെ 'പ്രത്യാശ" ബോട്ടിലാണ് എം.എസ്.സി സിൽവർ 2കപ്പൽ തട്ടിയത്.ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കൊച്ചിയിൽ നിന്ന് തെക്കുപടിഞ്ഞാറ് 9.54 നാേട്ടിക്കൽ മൈൽ അകലെ വലയിട്ടു നിൽക്കുന്ന സമയത്താണ് കപ്പൽ തട്ടിയത്.സംഭവ സമയത്ത് ബോട്ടിൽ 45 തൊഴിലാളികളാണ് ഉണ്ടായിരുന്നത്.അലക്ഷ്യമായി കപ്പൽ വരുന്നത് കണ്ട സമീപത്തെ വള്ളങ്ങളിലെ താെഴിലാളികൾ വയർലെസിലൂടെ സന്ദേശം കൈമാറിയെങ്കിലും ക്യാപ്റ്റൻ മനസിലാക്കിയില്ല.മറ്റു ബോട്ടുകളും ബഹളം വച്ചതോടെ കപ്പൽ നിറുത്തി.ശേഷം പിന്നോട്ടെടുത്തതിനാൽ വൻ ദുരന്തം ഒഴിവായി.കപ്പൽ പിന്നീട് യാത്ര തുടർന്നു.ബോട്ടിന്റെ അമരഭാഗത്തും വലകൾക്കും കേടുപാടുകൾ സംഭവിച്ചു.സംഭനത്തിൽ അന്വേഷണം ആരംഭിച്ചതായി കോസ്റ്റൽ പൊലീസ് അറിയിച്ചു.നിയമങ്ങൾ ലംഘിച്ച് മത്സ്യബന്ധന മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ തുറമുഖത്ത് കപ്പലുകൾ തടയുമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ,സെക്രട്ടറി അബ്ദുൽ റാസിക് എന്നിവർ അറിയിച്ചു.