പി.പി. സുനീർ, സത്യൻ മൊകേരി സി.പി.ഐ അസി. സെക്രട്ടറിമാർ, 11 അംഗ സെക്രട്ടേറിയറ്റ്, 25 അംഗ എക്സിക്യുട്ടീവ്
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായി പി.പി. സുനീറിനെയും സത്യൻ മൊകേരിയേയും തിരഞ്ഞെടുത്തു. 11 പേരടങ്ങിയ സംസ്ഥാന സെക്രട്ടേറിയറ്റും 25 അംഗങ്ങളുള്ള സംസ്ഥാന എക്സിക്യുട്ടീവും രൂപീകരിച്ചു. ബുധനാഴ്ച ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണിത്. 10 വർഷത്തിനു ശേഷമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് വീണ്ടും രൂപീകരിച്ചത്.
മന്ത്രിമാരായ കെ. രാജൻ, ജി.ആർ. അനിൽ, പി. പ്രസാദ്, ജെ.ചിഞ്ചുറാണി എന്നിവരെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. ഇവരെ കൂടാതെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പി.പി. സുനീർ, സത്യൻ മൊകേരി, ആർ. രാജേന്ദ്രൻ, കെ.കെ. വത്സരാജ്, കെ.പി. സുരേഷ് രാജ്, കെ.കെ. അഷ്‌റഫ് എന്നിവരാണ് മറ്റംഗങ്ങൾ.
25 അംഗ എക്സിക്യുട്ടീവിൽ സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് പുറമെ സി.എൻ.ചന്ദ്രൻ, വി.എസ്. സുനിൽകുമാർ, പി. വസന്തം, രാജാജി മാത്യു തോമസ്, കമല സദാനന്ദൻ, സി.കെ.ശശിധരൻ, മുല്ലക്കര രത്നാകരൻ, എൻ.രാജൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ.എം. ദിനകരൻ, ടി.ടി.ജിസ്‌മോൻ, ടി.ജെ. ആഞ്ചലോസ്, ആർ.ലതാദേവി, ചിറ്റയം ഗോപകുമാർ എന്നിവരാണ് അംഗങ്ങൾ. സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സി.പി. മുരളി എക്സ് ഒഫിഷ്യോ അംഗമായിരിക്കും.
നാദാപുരം മണ്ഡലത്തിൽനിന്ന് രണ്ടു തവണ എം.എൽ.എ ആയിരുന്ന സത്യൻ മൊകേരി പാർട്ടി ദേശീയ കൗൺസിൽ അംഗമാണ്. ദേശീയ കൗൺസിൽ അംഗവും രാജ്യസഭാംഗവുമായ സുനീർ കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിലും അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു.
10 വർഷത്തിനു ശേഷം
വീണ്ടും സെക്രട്ടേറിയറ്റ്
10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിക്കുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഡോ. ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാർത്ഥിയാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് തൊട്ടടുത്ത വർഷം നടന്ന സമ്മേളനത്തിൽ സെക്രട്ടേറിയറ്റ് ഒഴിവാക്കുകയായിരുന്നു. കാനം രാജേന്ദ്രൻ സെക്രട്ടറി ആയപ്പോഴും രൂപീകരിച്ചില്ല. പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് സെക്രട്ടേറിയറ്റ് അനിവാര്യമാണെന്ന് ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനം തീരുമാനിച്ചതോടെയാണ് വീണ്ടും രൂപീകരിച്ചത്.