നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് വ്യാമോഹിക്കേണ്ട: സുകുമാരൻ നായർ

Friday 03 October 2025 12:05 AM IST

ചങ്ങനാശേരി: സമരദൂരത്തിൽ കഴിയുന്ന എൻ.എസ്.എസിനെ കമ്മ്യൂണിസ്റ്റും കോൺഗ്രസും ബി.ജെ.പിയുമാക്കാൻ ശ്രമിക്കരുതെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ചങ്ങനാശേരി യൂണിയൻ സംഘടിപ്പിച്ച വിജയദശമി നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുകുമാരൻ നായരുടെ മാറിൽ നൃത്തമാടുന്നതുപോലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ട. 112 വർഷമായ എൻ.എസ്.എസ് അതിശക്തമായ എതിർപ്പുകളെ അതിജീവിച്ചാണ് വളർന്നത്. മാന്യമായി പ്രവർത്തിക്കുന്ന എൻ.എസ്.എസിനെ ലാഭേച്ഛ കണ്ട് നശിപ്പിക്കാൻ ശ്രമിച്ചാൽ നടക്കില്ല. എൻ.എസ്.എസിന് കമ്മ്യൂണിസ്റ്റുകൾ നിഷിദ്ധമല്ല. നല്ലതിനെ അംഗീകരിക്കും. രാഷ്ട്രീയമായി സമദൂരത്തിലാണെങ്കിലും സമദൂരത്തിൽ ശരിദൂരം കണ്ടെത്തിയത് രാഷ്ട്രീയം നോക്കിയല്ല. വിഷയം വഷളാക്കിയത് ദൃശ്യമാദ്ധ്യമങ്ങളാണ്. സുകുമാരൻ നായർക്കെതിരെ ഫ്ളക്സ് ബോർഡ് പൊങ്ങിയെന്ന് പ്രചാരണം നടത്തി. ദൃശ്യ മാദ്ധ്യമങ്ങളുടെ നീക്കം കാണുമ്പോൾ ഇതിന്റെ പിന്നിൽ ചിലരുടെ ഇടപെടൽ ഉണ്ടെന്ന് വ്യക്തമാണ്. നേതൃത്വത്തെ വ്യക്തിഹത്യ ചെയ്താൽ എൻ.എസ്.എസിനെ തകർക്കാനാകില്ല.

ശബരിമലയിൽ മുൻകാലങ്ങളിലെ പോലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസവും ദേവസ്വം ബോർഡ് സംരക്ഷിച്ച് വരുന്ന സന്ദർഭത്തിൽ ശബരിമലയിൽ വികസനം കൂടി വേണം. അതിന് ആശയതലത്തിൽ കൂടിയാലോചന വേണമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞപ്പോൾ വിശ്വാസവും ആചാരവും അനുഷ്ഠാനവും നിലനിറുത്തണമെന്നാണ് എൻ.എസ്.എസ് പറഞ്ഞത്. അതിന് വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരം എൻ.എസ്.എസിന് ആവശ്യമില്ലന്നും അടിത്തറയുള്ള സംഘടന മന്നത്ത് പത്മനാഭൻ ഉണ്ടാക്കി തന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഡോ. എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.