ഡി.വൈ.എഫ്.ഐ ശബ്ദരേഖാ വിവാദം, ശരത് പ്രസാദ് പുറത്ത്, റോസൽ സെക്രട്ടറി

Friday 03 October 2025 1:26 AM IST

തൃശൂർ: ശബ്ദരേഖ വിവാദത്തിൽ പാർട്ടി നടപടിയെടുത്തതിനു പിന്നാലെ ശരത് പ്രസാദിനെ ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും സി.പി.എം ജില്ലാക്കമ്മിറ്റിയിൽ നിന്നും നീക്കി. നിലവിലെ ഡി.വൈ.എഫ്.ഐ ട്രഷറർ റോസൽ രാജ് സെക്രട്ടറിയാകും. എ.സി.മൊയ്തീൻ എം.എൽ.എ, എം.കെ.കണ്ണൻ എന്നിവർക്കെതിരെ നടത്തിയ സംഭാഷണമാണ് ശരത്തിനെ കുടുക്കിയത്. സഹകരണ സ്ഥാപനങ്ങളിൽ അഴിമതിയാണെന്ന് ആരോപിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഡി.വൈ.എഫ്.ഐ ജില്ലാക്കമ്മിറ്റിയംഗം നിബിൻ ശ്രീനിവാസനുമായി അഞ്ചു വർഷം മുമ്പ് നടത്തിയ സംഭാഷണത്തിലാണ് നേതാക്കൾക്കെതിരെ ആരോപണമുന്നയിച്ചത്. ഈ സംഭാഷണം ആരാണ് പുറത്തുവിട്ടതെന്ന് കണ്ടെത്താനായിട്ടില്ല. ശരത്തിനെ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ സി.പി.എം ജില്ലാക്കമ്മിറ്റി നേരത്തെ തീരുമാനമെടുത്തിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കാൻ സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിച്ചത്. കേന്ദ്ര കമ്മിറ്റിയംഗം ആർ.രാഹുൽ യോഗത്തിൽ പങ്കെടുത്തു.

കുന്തക്കാരൻ പത്രോസിന്റെ ചെറുമകൻ

ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറിയായി നിയമിക്കപ്പെട്ട റോസൽരാജ് പുന്നപ്ര വയലാർ സമരനായകനും കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയും വിപ്ലവകാരിയുമായിരുന്ന ആലപ്പുഴ കുന്തക്കാരൻ പത്രോസിന്റെ ചെറുമകനാണ്. അഡ്വ.സെൽവരാജിന്റെയും റോസക്കുട്ടിയുടെയും മകനായ റോസൽ സി.പി.എം ഒല്ലൂർ ഏരിയ കമ്മിറ്റിയംഗമാണ്.

വൈശാഖൻ അകത്ത്, ശരത് പുറത്ത്

ഡി.വൈ.എഫ്.ഐ സെക്രട്ടറിയായിരുന്ന എൻ.വി.വൈശാഖനും രണ്ടു വർഷം മുമ്പ് വിവാദത്തിൽപ്പെട്ടാണ് പുറത്തായത്. വനിത പ്രവർത്തകയുടെ പരാതിയെ തുടർന്നാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. പകരമെത്തിയതാണ് ശരത് പ്രസാദ്. വൈശാഖനെ ഈയടുത്താണ് തിരിച്ചെടുത്തത്. അപ്പോഴേക്കും ശരത്ത് പുറത്തായി.