കേരള യൂണി.യിൽ വർഷങ്ങളായി ഒരേ വിഭാഗത്തിലുള്ളവരെ മാറ്റും

Friday 03 October 2025 12:46 AM IST

തിരുവനന്തപുരം:കേരള സർവകലാശാലയിൽ മൂന്നു വർഷത്തിലേറെയായി ഒരേ വിഭാഗത്തിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റാൻ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ രജിസ്ട്രാറോട് നിർദ്ദേശിച്ചു.ആറു മുതൽ പത്തു വർഷം വരെയായി ഒരേ വിഭാഗത്തിൽ തുടരുന്ന നിരവധി ഉദ്യോഗസ്ഥരുണ്ട്.മുൻപ് പരീക്ഷാ വിഭാഗത്തിലടക്കം മൂന്നു വർഷത്തിലേറെയായവരെ മാറ്റിയിരുന്നു.ദൈനംദിന ഭരണം,ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റം എന്നിവയ്ക്ക് അധികാരം വി.സിക്കാണ്.സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ.അനിൽകുമാറിന് ചട്ടവിരുദ്ധമായി ഫയലുകൾ കൈമാറുകയും വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളിൽ സീൽ പതിക്കാൻ വിസമ്മതിക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ വി.സി നേരത്തേ സ്ഥലം മാറ്റിയിരുന്നു.കോളേജുകളിൽ കോഴ്സുകൾ അനുവദിക്കുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥനെതിരേ പരാതിയുണ്ടായതിനെത്തുടർന്ന് സ്ഥലംമാറ്റാൻ വി.സി നിർദ്ദേശിച്ചു.ഇത്തരം പരാതികളും ആക്ഷേപങ്ങളും ഒഴിവാക്കാനാണ് മൂന്നു വർഷത്തിലേറെയായി ഒരേ കസേരയിലുള്ളവരെ മാറ്റുന്നത്. സർവകലാശാലയുടെ പാളയത്തെ ആസ്ഥാനത്തും കാര്യവട്ടം ക്യാമ്പസിലേക്കുമായിരിക്കും ഇവരുടെ സ്ഥലം മാറ്റങ്ങൾ.