ഡൽഹി ഗുരുവായൂർ ക്ഷേത്രത്തിൽ സഹസ്രനാമ കോടി അർച്ചന
ന്യൂഡൽഹി: ഡൽഹിയിലെ ഉത്തര ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്‌ടോബർ ആറു മുതൽ നവംബർ രണ്ടുവരെ വിഷ്‌ണു സഹസ്രനാമ കോടി അർച്ചന. കേരളത്തിനുപുറത്ത് നടത്തുന്ന ആദ്യത്തെ സഹസ്രനാമ കോടി അർച്ചനയാണിതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയേക്കും.
കേരളത്തിൽ നിന്നെത്തുന്ന അമ്പതോളം പുരോഹിതർ നേതൃത്വം നൽകും. 27 ദിവസം 27 നക്ഷത്രങ്ങളുടെ പേരിലാണ് പൂജ. ഭക്തജനങ്ങൾക്ക് നക്ഷത്രങ്ങളിൽ വഴിപാട് നടത്താം. പൂജ ദിവസങ്ങളിൽ മൂന്നുനേരം അന്നദാനമുണ്ടാകും.
മുന്നോടിയായി ഒക്‌ടോബർ നാലിന് ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്ന് കൊളുത്തുന്ന ദീപജ്യോതി ഡൽഹിയിലെ പ്രമുഖ ക്ഷേത്രങ്ങൾ ചുറ്റി ഉത്തരഗുരുവായൂർ ക്ഷേത്രത്തിലെത്തും. സമാപന ദിവസമായ നവംബർ രണ്ടിന് ലക്ഷദീപാർച്ചയുണ്ടാകും. ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത, പശ്‌ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്, കേന്ദ്ര മന്ത്രിമാർ, കേരളത്തിൽ നിന്നുള്ള എംപിമാർ തുടങ്ങിയ പ്രമുഖരും എത്തുമെന്ന് സംഘാടകർ അറിയിച്ചു.