'ട്രോഫി ഇന്ത്യക്ക് കൈമാറാന്‍ തയ്യാര്‍, പക്ഷേ...', ഏഷ്യ കപ്പ് വിവാദത്തില്‍ പ്രതികരിച്ച് മൊഹ്‌സിന്‍ നഖ്‌വി

Thursday 02 October 2025 11:04 PM IST

ദുബായ്: ഏഷ്യ കപ്പ് ഫൈനലിന് ശേഷം നടന്ന സമ്മാനദാന ചടങ്ങിലെ വിവാദങ്ങളില്‍ പ്രതികരിച്ച് മൊഹ്‌സിന്‍ നഖ്‌വി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രിയുമായ നഖ്‌വിയില്‍ നിന്ന് വിജയികള്‍ക്കുള്ള ട്രോഫി ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെ ട്രോഫി കൈമാറാതെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആസ്ഥാനത്തേക്ക് തിരികെ കൊണ്ടുപോയിരുന്നു.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഫൈനലിലെ വിജയികളായ ഇന്ത്യക്ക് ട്രോഫി കൈമാറാന്‍ താന്‍ അന്ന് തന്നെ തയ്യാറായിരുന്നു. എന്നാല്‍ ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യയാണ് നിലപാട് സ്വീകരിച്ചത്. വിജയികള്‍ക്കുള്ള ട്രോഫി ഇന്ത്യക്ക് കൈമാറാന്‍ താന്‍ ഇപ്പോഴും തയ്യാറാണ്. എന്നാല്‍ അവര്‍ക്ക് അത് ശരിക്കും വേണമെങ്കില്‍ എസിസി ഓഫീസില്‍ വന്ന് തന്റെ പക്കല്‍ നിന്ന് അത് കൈപ്പറ്റാന്‍ ഇന്ത്യന്‍ ടീമിനെ സ്വാഗതം ചെയ്യുന്നുവെന്നും നഖ്വി പറഞ്ഞു.

എക്സില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നഖ്വിയുടെ എക്സ് അക്കൗണ്ട് പക്ഷേ ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്. താന്‍ ഈ വിഷയത്തില്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ ബിസിസിഐയോട് മാപ്പ് പറയേണ്ട കാര്യമില്ലെന്നും നഖ്‌വി പ്രതികരിച്ചു. താന്‍ മാപ്പ് പറഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പാക് മന്ത്രി പ്രതികരിച്ചു.

കഴിഞ്ഞ ഞായറാഴ്ച നടന്ന ഏഷ്യ കപ്പ് ഫൈനലില്‍ അഞ്ച് വിക്കറ്റിനാണ് ചിരവൈരികളായ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍മാരായത്. ടൂര്‍ണമെന്റില്‍ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്ക് ഒപ്പമായിരുന്നു. പാക് താരങ്ങളുമായി ഹസ്തദാനം നടത്താതിരുന്ന സംഭവം ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ വിവാദമായിരുന്നു.