നോബൽ ജേതാക്കളുടെ സാന്നിദ്ധ്യത്തിൽ കെ.ഐ.ഐ.ടി. ബിരുദദാനചടങ്ങ്

Thursday 02 October 2025 11:13 PM IST

ഭുവനേശ്വർ: കെ.ഐ.ഐ.ടി. ഡീംഡ് യൂണിവേഴ്സിറ്റിയുടെ 21ാമത് വാർഷിക ബിരുദദാനചടങ്ങ് മൂന്ന് ദിവസങ്ങളിലായി ഭുവനേശ്വറിൽ നടന്നു. 7,235 ബാച്ചിലർ, 2,034 മാസ്റ്റേഴ്‌സ്, 195 പി.എച്ച്.ഡി. ഉൾപ്പെടെ 9,464 വിദ്യാർത്ഥികൾക്ക് ബിരുദം നൽകി. സർവകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ ചടങ്ങ് നടത്തിയത്. നോബൽ ജേതാക്കളായ ശ്രീലങ്കയിലെ പ്രൊഫ. മോഹൻ മുനസിംഗെ, ടുണീഷ്യയിലെ ഒവിഡഡ് ബുഷാമാവി, അന്താരാഷ്ട്ര കോടതി മുൻ അദ്ധ്യക്ഷനും ജഡ്ജിയുമായ ഡോ. ജസ്റ്റിസ് അബ്ദുൽക്വാവി അഹമ്മദ് യൂസുഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

ഗ്വാട്ടിമാലയിലെ കോൺഗ്രസ് അംഗവും റെക്ടറുമായ ഡോ. ഫിഡൽ റെയ്സ് ലീ, വോക്ക്ഹാർട്ട് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഹുസൈഫ ഖോറക്കിവാല, ജർമ്മനിയിലെ പുരാവസ്തു പാർക്ക് ചെയർമാൻ നോർബർട്ട് സവർ, ലാൽചന്ദ് ഗ്രൂപ്പ് ചെയർമാൻ സൺജോയ് ഹാൻസ്, കോംപറ്റീഷൻ സക്സസ് റിവ്യു ചെയർമാൻ എസ്.കെ. സച്‌ദേവ എന്നിവർക്കും ഡോക്ടറേറ്റ് നൽകി.

ദാരിദ്ര്യം, അസമത്വം, വിഭവക്ഷാമം എന്നിവയാണ് ലോകം നേരിടുന്ന വലിയ വെല്ലുവിളികളെന്ന് പ്രൊഫ. മുനസിംഗെ പറഞ്ഞു. അനീതിയെ ചെറുക്കാൻ വിശ്വാസത്തിന്റെ പാലങ്ങൾ പണിയണമെന്ന് ജസ്റ്റിസ് യൂസുഫ് പറഞ്ഞു. വിദ്യാഭ്യാസത്തിലും സാമൂഹ്യസേവനത്തിലും കെ.ഐ.ഐ.ടി.യും കിസ്സും ശ്രേഷ്ഠതയുടെ ഗോപുരങ്ങളാണെന്ന് ഡോ. ഖോറക്കിവാല അഭിപ്രായപ്പെട്ടു.

ഗവേഷണത്തിലും നവീകരണത്തിലും കൂടുതൽ നേട്ടങ്ങൾ കൈവരിച്ച് അക്കാദമിക് സ്വാധീനം വർദ്ധിപ്പിക്കുന്നതിനായി മികവിലേക്കുള്ള പ്രതിജ്ഞ വീണ്ടും പുതുക്കുന്നുവെന്ന് ഡോ. സമന്ത പറഞ്ഞു.

ചാൻസലർ അശോക് കുമാർ പരിജ, പ്രോചാൻസലർ പ്രൊഫ. എസ്.കെ. ആചാര്യ, വൈസ് ചാൻസലർ പ്രൊഫ. സരഞ്ജിത് സിംഗ്, രജിസ്ട്രാർ പ്രൊഫ. ജെ.ആർ. മോഹന്തി തുടങ്ങിയവർ പങ്കെടുത്തു.