കലക്കൻ കാലിക്കറ്റ്

Thursday 02 October 2025 11:23 PM IST

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ഫുട്ബാളിന്റെ രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ഫോഴ്സ കൊച്ചി എഫ്.സിയെ കീഴടക്കി. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 12-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ മുന്നിലെത്തിയിരുന്ന കാലിക്കറ്റിനെ 89-ാം മിനിട്ടിൽ ഫോഴ്സ സമനിലയിലാക്കിയെങ്കിലും തൊട്ടുപിന്നാലെ വീണ്ടും സ്കോർ ചെയ്ത് കാലിക്കറ്റ് വിജയം

പിടിച്ചെടുക്കുകയായിരുന്നു. നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിട്ട് ബാക്കി നിൽക്കെ ബ്രസീൽ താരംഡഗ്ലസ് റോസ ടർഡിന്റെ ഗോളിലൂടെ ഫോഴ്സ ഒപ്പമെത്തി. എന്നാൽ മൈതാനത്തെ ആവേശത്തേരിലാക്കി ഇഞ്ച്വറി ടൈമിൽ ക്യാപ്ടനും കോഴിക്കോടുകാരനുമായ പ്രശാന്തിന്റെ ഗംഭീര പാസിൽ നിന്ന് സബ്സിറ്റ്യൂട്ട് അരുൺകുമാർ ഫോഴ്സയുടെ വലയും ഹൃദയവും കീറിമുറിച്ച് കാലിക്കറ്റിന്റെ വിജയഗോൾ നേടി.

12-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റിയിൽ നിന്ന് കൊളംബിയൻ താരം സെബാസ്റ്റ്യൻ റിൻഗോണാണ് കാലിക്കറ്റിന്റെ ആദ്യ ഗോൾ നേടിയത്. 11ാം മിനിട്ടിൽ വലതു വിംഗിലൂടെ ഫോഴ്സ ഗോൾ മുഖത്തേക്ക് കുതിച്ച പി.ടി റിയാസിനെ ഫോഴ്സയുടെ മദ്ധ്യനിരതാരം അജിൻ ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയാണ് കാലിക്കറ്റ് എഫ്സിയുടെ ആദ്യ ഗോളിൽ കലാശിച്ചത്. കളിയിലെ ആദ്യത്തെ മുന്നേറ്റം തന്നെ ഗോളിൽ കലാശിച്ചതോടെ ഗാലറിയിൽ ആവേശം അലതല്ലി. ഇതോടെ ഉണർന്നു കളിച്ച കൊച്ചി താരങ്ങൾ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളിലേക്കെത്തിയില്ല.

25 -ാം മിനിട്ടിൽ കാലിക്കറ്റിന്റെ പ്രശാന്തിന്റെ ഉജ്വല ഷോട്ട് ഫോഴ്സ ഡിഫൻഡർമാർ പ്രതിരോധിച്ചു. തുടർന്ന് കാലിക്കറ്റിന്റെ പോസ്റ്റിലേക്ക് ഫോഴ്സ നടത്തിയ പ്രത്യാക്രമണം നിർഭാഗ്യം കൊണ്ട് മാത്രമാണ് ഗോളാവാതിരുന്നത്. 33മത് മിനിട്ടിൽ ഗോൾ എന്ന് ഉറപ്പിച്ച അവസരം കാലിക്കറ്റ് ഡിഫൻഡർ മുഹമ്മദ് ആസിഫ് മികച്ച നിലവാരമുള്ള ടാക്ലിങ്ങിലൂടെ ഇല്ലാതാക്കി. ഇതിനിടെ കാലിക്കറ്റ് ക്യാപ്ടൻ പ്രശാന്തിന് മഞ്ഞ കാർഡും ലഭിച്ചു. 36ൽ ലഭിച്ച ഫ്രീകിക്ക് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി. 40,42 മിനുട്ടുകളിൽ കിട്ടിയ കോർണറും കൊച്ചി പാഴാക്കി. നിറഞ്ഞ ഗാലറിയിൽ വർണശബളമായ ചടങ്ങുകളോടെയായിരുന്നു ഉദ്ഘാടന മത്സരത്തിൻ്റെ കൊടിയേറ്റം. വേടന്റെ മ്യൂസിക്കും ഗാലറിയെ കോരിത്തരിപ്പിച്ചു.

ഇന്നത്തെ മത്സരം

മലപ്പുറം എഫ്.സി vs തൃശൂർ മാജിക് എഫ്.സി