അർത്തുങ്കൽ കടപ്പുറത്ത് ക്രിക്കറ്റ് കളിച്ച് ജോണ്ടി റോഡ്സ്
ചേർത്തല : അർത്തുങ്കൽ കടപ്പുറത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കൾക്ക് കഴിഞ്ഞദിവസം പുതിയൊരു കളിക്കൂട്ടുകാരനെ കിട്ടി. ആൾ സാധാരണക്കാരനല്ല . ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ ഫീൽഡിംഗ് ഇതിഹാസം ജോണ്ടി റോഡ്സ്. ചേർത്തല ചേന്നവേലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആയുർവേദ ചികിത്സയ്ക്ക് എത്തിയതാണ് അദ്ദേഹം. തിങ്കളാഴ്ച വൈകിട്ട് അർത്തുങ്കൽ ക്രിക്കറ്റ് ക്ലബിലെ യുവതാരങ്ങൾ ബാറ്റും ബോളുമായി ചേന്നവേലിയിൽ നിൽക്കുമ്പോൾ റോഡ്സ് അവരുടെ അടുത്തെത്തി. കളിക്കുന്നത് എവിടെയാണെന്ന് അന്വേഷിച്ചശേഷം അടുത്ത ദിവസം താനും കൂടാമെന്ന് അറിയിച്ചു. റോഡ്സ് വാക്കുമാറ്റിയില്ല. ഇന്നലെ രാവിലെ സൈക്കിളിൽ അർത്തുങ്കലിൽ എത്തി കടപ്പുറത്ത് ക്രിക്കറ്റ് കളിക്കാൻ കൂടി . അല്പനേരം കൊണ്ട് അർത്തുങ്കലിലെ ക്രിക്കറ്റ് താരങ്ങളുടെ പ്രിയങ്കരനായി ജോണ്ടി മാറി. പറക്കും ഫീൽഡറായിരുന്ന ജോണ്ടിമുംബയ് ഇന്ത്യൻസിന്റെ കോച്ചുമായിരുന്നു.