വിൻഡീസിന് വീര്യം പോര !

Thursday 02 October 2025 11:30 PM IST

ആദ്യ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് 162 റൺസിന് ആൾഔട്ട്, ഇന്ത്യ 121/2

സിറാജിന് നാലുവിക്കറ്റ്, ബുംറയ്ക്ക് മൂന്ന് ; രാഹുലിന് അർദ്ധസെഞ്ച്വറി (53*)

അഹമ്മദാബാദ് : ഇന്ത്യയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ വീര്യം ചോർന്ന് വെസ്റ്റ് ഇൻഡീസ് ടീം. അഹമ്മദാബാദിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 162 റൺസിന് ആൾഔട്ടായപ്പോൾ മറുപടിക്കിറങ്ങിയ ഇന്ത്യ ആദ്യദിനം സ്റ്റംപെടുക്കുമ്പോൾ 121/2 എന്ന നിലയിലെത്തി. എട്ടുവിക്കറ്റുകൾ കയ്യിലിരിക്കേ 41 റൺസ് മാത്രം പിന്നിലാണ് ഇന്ത്യ.

നാലുവിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർ കുൽദീപ് യാദവും ഒരു വിക്കറ്റ് നേടിയ വാഷിംഗ്ടൺ സുന്ദറും ചേർന്നാണ് വിൻഡീസിനെ 162ൽ ഒതുക്കിയത്. നാലാം ഓവറിൽ ഓപ്പണർ ടാഗേനരെയ്ൻ ചന്ദർപോളിനെ(0) കീപ്പർ ധ്രുവ് ജുറേലിന്റെ കയ്യിലെത്തിച്ച് സിറാജാണ് സന്ദർശകർക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. ഏഴാം ഓവറിൽ സഹ ഓപ്പണർ ജോൺ കാംപ്ബെല്ലിനെ (8) ബുംറ കൂടാരം കയറ്റി. ജുറേലിന് തന്നെയായിരുന്നു ഈ ക്യാച്ചും. തുടർന്ന് 10-ാം ഓവറിൽ ബ്രാൻഡൺ കിംഗിനെ (13)ബൗൾഡാക്കിയ സിറാജ് 12-ാം ഓവറിൽ അലിക് അത്താൻസേയേയും (12) തിരിച്ചയച്ചു. ഇതോടെ വിൻഡീസ് 42/4 എന്ന നിലയിലായി. തുടർന്ന് നായകൻ റോസ്റ്റൺ ചേസും (24) പരിചയസമ്പന്നനായ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പും (26) ചേർന്ന് പൊരുതിനോക്കിയെങ്കിലും 24-ാം ഓവറിൽ ടീം സ്കോർ 90ൽവച്ച് ഹോപ്പിനെ കുൽദീപ് ബൗൾഡാക്കിയപ്പോൾ ലഞ്ചിന്

പിരിഞ്ഞു.

ലഞ്ചിന് ശേഷം ചേസും ജസ്റ്റിൻ ഗ്രീവ്സും (32) ചേർന്ന് 100 കടത്തി. ടീം സ്കോർ 105ൽവച്ച് ചേസിനെ ജുറേലിന്റെ കയ്യിലത്തിച്ച് സിറാജ് തന്റെ നാലാമത്തെ ഇരയേയും കൊത്തിയെടുത്തു. ഖ്വാറി പിയറി (11), ജോമൽ വാരിക്കൻ (8) എന്നിവരെക്കൂട്ടി 150ലെത്തിച്ച വിൻഡീസിന്റെ ടോപ്സ്കോറർ ഗ്രീവ്സിനെ ബുംറ ബൗൾഡാക്കുകയായിരുന്നു. അരങ്ങേറ്റക്കാരായ പിയറിയെ വാഷിംഗ്ടൺ സുന്ദർ എൽ.ബിയിൽ കുരുക്കിയപ്പോൾ യൊഹാൻ ലെയ്നിനെ (1) ബുംറ ബൗൾഡാക്കി.ജോമൽ വാരിക്കനെ ജുറേലിന്റെ കയ്യിലെത്തിച്ച് കുൽദീപാണ് വിൻഡീസ് ഇന്നിംഗ്സിന് കർട്ടനിട്ടത്.

ചായയ്ക്ക് ശേഷം മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് യശസ്വി ജയ്സ്വാളും (36) കെ.എൽ രാഹുലും (53*) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ടീം സ്കോർ 68ലെത്തിയപ്പോഴാണ് സഖ്യം പിരിഞ്ഞത്. ജെയ്ഡൻ സീൽസിന്റെ പന്തിൽ കീപ്പർ ഹോപ്പിന് ക്യാച്ച് നൽകിയാണ് യശസ്വി മടങ്ങിയത്. പകരമിറങ്ങിയ സായ് സുദർശൻ (7) ടീം സ്കോർ 90ൽവച്ച് ചേസിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങിയപ്പോൾ നായകൻ ശുഭ്മാൻ ഗില്ലിനെക്കൂട്ടി രാഹുൽ അർദ്ധസെഞ്ച്വറി കടന്നു.രാഹുലിന്റെ 20-ാം ടെസ്റ്റ് അർദ്ധസെഞ്ച്വറിയാണിത്.