അൺഫിറ്റായി 78 സ്കൂൾ കെട്ടിടങ്ങൾ: പൊളിക്കാൻ കാത്തിരിപ്പ് നീളും
മലപ്പുറം: ജില്ലയിലെ 78 സ്‌കൂൾ കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവ പൊളിച്ചുമാറ്റാൻ കാലതാമസമെടുക്കും. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറിയ കെട്ടിടങ്ങളുടെ ലിസ്റ്റിൽ 59ഉം സർക്കാർ സ്‌കൂളുകളാണ്. 19 എണ്ണം എയ്ഡഡ് സ്‌കൂളുകളും. അൺഎയ്ഡ് സ്‌കൂൾ കെട്ടിടങ്ങൾ ഫിറ്റ്നസ് കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂൾ കെട്ടിടങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ ഫിറ്റ്നസ് ലഭിക്കാതെ പ്രവർത്തിക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവുണ്ടെങ്കിലും ഇത് പാലിക്കുന്നുണ്ടോ എന്നത് കൃത്യമായി പരിശോധിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ ക്ലാസുകൾ നടക്കുന്നില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. അതേസമയം സ്‌കൂൾ കോമ്പൗണ്ടിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങൾക്ക് സമീപം വിദ്യാർത്ഥികൾ കളിക്കാനും മറ്റുമായി എത്തുന്നത് സുരക്ഷാഭീഷണിയാണ്. ഇത്തരം കെട്ടിടങ്ങൾ ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറും.
ജില്ലയിൽ അപകടാവസ്ഥയിലുള്ളത് 30 സ്‌കൂൾ കെട്ടിടങ്ങളാണെന്ന റിപ്പോർട്ടാണ് ഈ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ് ജില്ലാഭരണ കൂടത്തിന് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. അതേസമയം, തദ്ദേശ വകുപ്പിന്റെ പട്ടികയിൽ ഇതിന്റെ ഇരട്ടി സ്‌കൂൾ കെട്ടിടങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപീകരിച്ച മാർഗ്ഗരേഖ പത്ത് ദിവസത്തിനകം നടപ്പിലാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ ഉറപ്പ്, ക്ലാസ് മുറികളുടെ അവസ്ഥ, ശൗചാലയങ്ങൾ, ചുറ്റുമതിൽ, വൈദ്യുതി എന്നിവയുടെ കാര്യത്തിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നടപടികൾ ഏറെയുണ്ട്
- ദുരന്ത നിവാരണ നിയമപ്രകാരം കെട്ടിടം പൊളിച്ചുമാറ്റാൻ ജില്ലാ കളക്ടർക്ക് ഉത്തരവ് നൽകാനാവും. എന്നാൽ ഇതിന് ഏറെ കടമ്പകൾ പൂർത്തിയാക്കണം.
- കെട്ടിടം പൊളിക്കാൻ ആദ്യം തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ നൽകണം. ഡി.ഡി.ഇ അധികൃതരും പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ് വിഭാഗം അധികൃതരും സ്‌കൂളിലെത്തി കെട്ടിടം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കണം.
- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി കൗൺസിൽ ചേർന്ന് അംഗീകരിക്കണം. തുടർന്ന് കെട്ടിടങ്ങളുടെ വാല്യുവേഷൻ പൂർത്തിയാക്കി പൊളിക്കുന്നതിനുള്ള ടെൻഡർ നടപടികളിലേക്ക് കടക്കും.
- നിലവിലെ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാവുമ്പോഴേക്കും അടുത്ത അദ്ധ്യയന വർഷമാവും.
അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ: 78
സർക്കാർ സ്കൂളുകൾ : 59
എയ്ഡഡ് സ്കൂളുകൾ: 19