സ്റ്റേഡിയമില്ല: തിരൂരിലെ കായികമേള നടക്കുന്നത് തൃത്താലയിൽ
തിരൂർ: സ്റ്റേഡിയമില്ലാത്തതിനാൽ തിരൂർ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂൾ കായികമത്സരങ്ങൾ നടക്കുന്നത് പാലക്കാട് തൃത്താലയിലെ ചാത്തനൂർ സ്കൂൾ ഗ്രൗണ്ടിൽ. താനൂർ സബ് ജില്ലയിലെ കായികമേള എവിടെ നടത്തുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം വന്നില്ലെങ്കിലുംസമാന അവസ്ഥ വന്നേക്കും. ഏതാനും വർഷങ്ങളായി തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലായിരുന്നു തിരൂർ, താനൂർ സബ് ജില്ല സ്കൂൾ കായികമേളകൾ നടന്നിരുന്നത്. ഇവിടെ പുനർ നിർമ്മാണം നടക്കുകയാണ്്.തിരൂർ സബ് ജില്ലയിലെ ഒരു വിദ്യാലയത്തിലും സബ് ജില്ല കായികമേള നടത്താൻ സൗകര്യമുള്ള ഗ്രൗണ്ടില്ല. രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുക്കുക. കിഡ്, എൽ.പി, യു.പി വിഭാഗങ്ങളിലെ ചെറിയ മത്സരങ്ങൾ വരും ദിവസങ്ങളിൽ തിരൂർ ബോയ്സ് ഹൈസ്കൂൾ ഗൗണ്ടിൽ നടത്തുവാനാണ് തീരുമാനം. എന്നാൽ 2000, 3000ത്തിനു മുകളിലുള്ള മീറ്ററുകളിലെ മത്സരങ്ങൾ നടത്താനുള്ള സൗകര്യം ഇവിടെയില്ല. സംസ്ഥാന തലത്തിൽ മികച്ച പ്രകടനം നടത്തുന്ന നിരവധി മികച്ച കായിക താരങ്ങൾ ഉൾപ്പെടുന്ന സബ്ജില്ലകളാണ് തിരൂരും താനൂരും. കായികമന്ത്രി വി.അബ്ദുറഹ്മാന്റെ മണ്ഡലമാണ് താനൂർ.അദ്ദേഹത്തിന്റെ നാടാണ് തിരൂർ.