കിലോയ്ക്ക് വില 20000 വരെ,​ പത്തു രൂപയുടെ തൈ വിൽക്കുന്നത് 300 രൂപയ്ക്ക്,​ പുതിയ തട്ടിപ്പ് വ്യാപകം

Friday 03 October 2025 12:48 AM IST

കോട്ടയം : ചന്ദനമരംസ്വകാര്യ വ്യക്തികൾക്ക് വളർത്തി വെട്ടി വിൽക്കാൻ സർക്കാർ അനുമതി നൽകിയതോടെ വനം വകുപ്പ് ഒത്താശയോടെ ചന്ദനത്തൈ വിൽക്കുന്നതിന് സ്വകാര്യ ഏജൻസികൾ അമിത വില ഈടാക്കുന്നു. കാട്ടിൽ നിന്ന് ശേഖരിക്കുന്ന ചന്ദന വിത്തുകൾ കൂടുകളിൽ പാകി കിളിർപ്പിച്ചാണ് വില്പന. പത്തു രൂപ പോലും ചെലവ് വരാത്ത ഒരു തൈ വനം വകുപ്പ് ഉദ്യേോഗസ്ഥരിൽ നിന്ന് സംഘടിപ്പിച്ച് 300 രൂപയ്ക്കാണ് വില്പന.

നിയമഭേദഗതിയോടെ ചന്ദന കച്ചവടത്തിലൂടെ നല്ല വരുമാനം ഉണ്ടാക്കാമെന്നപ്രതീക്ഷയിൽ പലരും ചന്ദനത്തൈകൾ വച്ചു പിടിപ്പിക്കാൻ താത്പര്യം കാട്ടിയതോടെയാണ് തട്ടിപ്പും വ്യാപകമായത്. ചന്ദനമരം വളർത്തി വിറ്റ് വൻലാഭം കൊയ്യാമെന്ന വാഗ്ദാനവുമായാണ് തട്ടിപ്പ് സംഘം പിടിമുറുക്കുന്നത്.

ഭൂമാഫിയയയും കളത്തിൽ

ചന്ദനമരം നല്ല വലുപ്പം വച്ചുള്ളിൽ കാതലുണ്ടാകുന്നതിന് കുറഞ്ഞത് 50 വർഷമെങ്കിലും വേണ്ടി വരും. സർക്കാർ വനത്തിൽ പോലും പ്രത്യേക സംരക്ഷണമുള്ള ചന്ദന മരങ്ങൾ സുരക്ഷിതമല്ല. കുറഞ്ഞ പണം മുടക്കിൽ പെട്ടെന്ന് ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. തരിശായി കിടക്കുന്ന സ്ഥലം പ്ലോട്ടുകളായി തിരിച്ച് ചന്ദന കൃഷിയ്ക്ക് നൽകുന്ന ഭൂമാഫിയയയും കളം പിടിച്ചിട്ടുണ്ട്. സർക്കാർ ഇടപെടൽ ഉണ്ടാകുന്നില്ലെങ്കിൽ വ്യാപകമായ തട്ടിപ്പിന് പലരും ഇരയായേക്കും.

ചന്ദനത്തടി കിലോയ്ക്ക് 2500 - 20,000 വരെ വില

''ചന്ദന കൃഷിയുടെ മറവിൽ തൈകൾക്ക് അധിക വില ഈടാക്കി കർഷകരെ ചൂഷണം ചെയ്യുന്നതിന് വനം വകുപ്പ് കൂട്ടുനിൽക്കുകയാണ്. സ്വകാര്യ കച്ചവടക്കാരുടെ ചൂഷണം അവസാനിപ്പിക്കുന്നതിന് ചന്ദനകൃഷി വ്യാപിപ്പിക്കാൻ പ്രചാരണം നടത്തുന്ന വനം വകുപ്പ് തൈകളുടെ വില്പന നടത്തണം. ഇത് സംബന്ധിച്ച് വനം മന്ത്രിയ്ക്ക് നിവേദനം നൽകി.

-എബി ഐപ്പ്, കർഷക കോൺഗ്രസ്‌ നേതാവ്