ഓച്ചിറ പടനിലത്ത് ഇന്ന് കെട്ടുത്സവം

Friday 03 October 2025 12:55 AM IST

ഓച്ചിറ: ഓച്ചിറ പടനിലത്ത് ഇന്ന് ഇരുപത്തിയെട്ടാം ഓണാഘോഷം നടക്കും. പാലമരത്തടിയിൽ കൊത്തിയെടുത്ത കാളത്തലകളിൽ ചായമെഴുതിയും ഇഴ തിരിച്ച് അയച്ചെടുത്ത വയ്ക്കോൽ കൊണ്ട് ഉടലൊരുക്കിയും വർണ്ണത്തുണികളാൽ അഴക് ചാർത്തിയും ഇന്നലെയോടെ കാളകെട്ട് പൂർത്തിയാക്കിയ കെട്ടുരുപ്പടികൾ ഇന്ന് ഓച്ചിറയിലേക്ക് പുറപ്പെടും.

ഇരുന്നൂറ്റി അൻപതോളം കെട്ടുരുപ്പടികളാണ് ഇത്തവണയും പടനിലത്ത് എത്തിക്കുന്നത്. മുത്തുക്കുടകൾ, വിവിധ തരം വാദ്യമേളങ്ങൾ, അലങ്കരിച്ച ഫ്ലോട്ടുകൾ, നാടോടി കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ കെട്ടുകാളകളെ ഓച്ചിറയിലേക്ക് എഴുന്നള്ളിച്ച് തുടങ്ങുന്നതോടെ ഓണാട്ടുകരയിലെ ഭൂരിഭാഗം ഗ്രാമ വീഥികളും ഉത്സവ ഭരിതമാകും.

വഴികളുടെ ഇരുവശങ്ങളിലും കാഴ്ചക്കാർ നിറയുന്നതോടെ ആർപ്പോ വിളികളും മേളം തുള്ളലുകളുമൊക്കെയായി നാടൊന്നടങ്കം ഉത്സവത്തിൽ പങ്കുചേരും. ചിങ്ങത്തിലെ തിരുവോണം കഴിയുന്നതോടെ ഓണാട്ടുകരയിലെ മിക്ക സ്ഥലങ്ങളിലും ഇരുത്തിയെട്ടാം ഓണാഘോഷത്തിന്റെ ഉച്ചഭാഷിണികൾ ശബ്ദിച്ച് തുടങ്ങും. മേൽപ്പന്തലിനുള്ള കഴനാട്ടുന്നത് ഉൾപ്പടെ ഓരോ ചടങ്ങുകളും ആചാരബന്ധിതമായി നടത്തുന്നതിനാൽ വിശ്വാസി സമൂഹത്തിന്റെ വലിയ പിന്തുണയാണ് കാളകെട്ടിന് ലഭിക്കുന്നത്.

കാള കെട്ടിനോട് ചേർന്ന് സജ്ജീകരിക്കുന്ന താത്കാലിക വേദികളിൽ പൊതു - സാംസ്കാരിക സമ്മേളനങ്ങൾ, ഗാനമേള, നാടൻ പാട്ട്, നൃത്തങ്ങൾ തുടങ്ങി ഇരുപത്തിയാറ് ദിവസങ്ങളിലും പരിപാടികൾ അരങ്ങേറും. ഈ ദിവസങ്ങളിൽ വിവിധ അന്നദാനങ്ങളും പൂർത്തിയാക്കിയാണ് കെട്ടുകാളയെ കരയിൽ നിന്ന് എഴുന്നെള്ളിക്കുന്നത്. പൂജകൾ, പ്രാർത്ഥനകൾ, നേർച്ചകൾ, സമർപ്പണങ്ങൾ എന്നിവയിലൂടെ ഏതാണ്ട് ഒരു മാസത്തോളം ഒരു പിടി മനുഷ്യരുടെ മനസിൽ വളരുന്ന നന്ദികേശന്മാരെ കാളകെട്ട് സ്ഥലങ്ങളിൽ നിന്ന് വൈകാരികമായാണ് ഗ്രാമവാസികൾ ഓച്ചിറയിലേക്ക് യാത്രയാക്കുന്നത്.