മോഹൻലാലിന് ആദരം നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ

Friday 03 October 2025 1:01 AM IST

തിരുവനന്തപുരം: ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്ന ‘ മലയാളം വാനോളം ലാൽസലാം’ പരിപാടി നാളെ വൈകിട്ട് അഞ്ചിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സുരക്ഷാ ക്രമീകരണങ്ങളടക്കം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി സ‌ജി ചെറിയാൻ അറിയിച്ചു. പരിപാടിയുടെ ഒരുക്കങ്ങൾ മന്ത്രി വി. ശിവൻകുട്ടി വിലയിരുത്തി.

ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ മോഹൻലാലിനുള്ള കലാസമർപ്പണമായ ‘രാഗം മോഹനം’ അരങ്ങേറും. ലാലിന്റെ നടനചാതുരിക്ക് അർപ്പണമായി കഥകളി ആചാര്യൻ കലാമണ്ഡലം സുബ്രഹ്മണ്യൻ ആശാൻ ‘തിരനോട്ടം’ അവതരിപ്പിക്കും. എം.ജി. ശ്രീകുമാറിന്റെ ഗാനത്തോടെ തുടങ്ങുന്ന ‘രാഗം മോഹനത്തിൽ' സുജാത, സിതാര, മഞ്ജരി, ജ്യോത്സന, മൃദുല വാരിയർ, നിത്യ മാമ്മൻ, സയനോര, രാജലക്ഷ്മി, റിമി ടോമി, നന്ദിനി, രഞ്ജിനി ജോസ് തുടങ്ങിയവർ ഗാനാർച്ചന നടത്തും. മോഹൻലാലും ഗാനം ആലപിക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.