'ദീപ്തി' ബ്രെയിലി സാക്ഷരത പദ്ധതി പാതിവഴിയിൽ

Friday 03 October 2025 1:03 AM IST

കൊല്ലം: വിവിധ കാരണങ്ങൾ പഠിതാക്കൾ പിന്മാറിയതിനാൽ അനിശ്ചിതത്വത്തിലായി 'ദീപ്തി' ബ്രെയിലി സാക്ഷരത പദ്ധതി. കുറഞ്ഞത് 35 പേരെങ്കിലും ഉണ്ടെങ്കിലേ ക്ലാസുകൾ തുടങ്ങാൻ കഴിയൂ.

സാക്ഷരതാ പ്രേരക്മാർ, അങ്കണവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ നടത്തിയ സർവേയിൽ ഇത്തിക്കര ബ്ലോക്കിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ പഠിതാക്കളെ കണ്ടെത്തിയത്. എന്നാൽ ഇവരെ നിരന്തരം ബന്ധപ്പെട്ടിട്ടും അനുകൂല മറുപടി ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ക്ലാസ് തുടങ്ങുന്നതിന് മുന്നോടിയായി കഴിഞ്ഞവർഷം ബ്രെയിലി ലിപിയിൽ പ്രാവീണ്യമുള്ള അദ്ധ്യാപകരെ കണ്ടെത്തി പരിശീലനം നൽകിയിരുന്നു. കൂടാതെ പഠിതാക്കൾക്ക് എഴുതിപ്പഠിക്കാൻ പ്രത്യേകതരം സ്ലേറ്റുകൾ ഉൾപ്പടെയുള്ള പഠനോപകരണങ്ങളും എത്തിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബ്ലോക്ക് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താനായിരുന്നു തീരുമാനം.

അടിസ്ഥാന വിദ്യാഭ്യാസം നൽകി കാഴ്ച പരിമിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ സംസ്ഥാന സാക്ഷരതാ മിഷൻ, ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് ടീച്ചേഴ്സ് ഫോറത്തിന്റെ സഹകരണത്തോടെയായിരുന്നു പദ്ധതി ആവിഷ്ക്കരിച്ചത്.

പഠിതാക്കൾ പിന്മാറി

 യാത്രാ അസൗകര്യം ചൂണ്ടിക്കാട്ടി പിന്മാറുന്നു

 പ്രാരംഭ സർവേയിൽ താത്പര്യം പ്രകടിപ്പിച്ചത് 200 ഓളം പേർ

 ഇവർ 40 ശതമാനത്തിലധികം കാഴ്ച പരിമിതർ

 ദിവസവും യാത്ര ചെയ്ത് ക്ളാസിലെത്താൻ ബുദ്ധിമുട്ട്

 ഇതോടെ പദ്ധതി നടപ്പാക്കാൻ പറ്റാതായി

താത്പര്യം അറിയിച്ചവർ പല കാരണങ്ങളാൽ പിന്മാറിയതിനാലാണ് പദ്ധതി അനിശ്ചിതത്വത്തിലായത്.

ജില്ലാ സാക്ഷരതാ മിഷൻ അധികൃതർ