മോഷ്ടിച്ച മദ്യത്തിന്റെ വില അടച്ചാൽ കേസ് ഒഴിവാകില്ല: ഹൈക്കോടതി
കൊച്ചി: മോഷ്ടിച്ച മദ്യത്തിന്റെ വില തിരികെ അടച്ചാലും വിജിലൻസ് കേസ് ഇല്ലാതാകില്ലെന്ന് ഹൈക്കോടതി. ബെവ്‌കോയുടെ മൂവാറ്റുപുഴ ഔട്ട്‌ലെറ്റിലെ 27.92 ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ച കേസിൽ ജീവനക്കാരായ പ്രതികൾ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികൾ വിചാരണ നേരിടണം. മദ്യത്തിന്റെ സ്റ്റോക്കിൽ കുറവ് കണ്ടെത്തിയതോടെ ജീവനക്കാരായ പി.എൻ. സുരേഷ് കുമാർ,ആർ. ശ്രീരാഗ്,കെ.പി. പ്രസീദ്,മാത്യു ജേക്കബ്, കെ.ജെ. തോമസ്,കെ.ടി. ദീപുമോൻ എന്നിവർക്കെതിരെ കേസെടുക്കുകയായിരുന്നു. 2018 ഏപ്രിൽ- ജൂലായ് കാലയളവിലായിരുന്നു ക്രമക്കേട്. തുക തിരികെ അടച്ചതിനാൽ കേസ് റദ്ദാക്കണമെന്നായിരുന്നു പ്രതികളുടെ വാദം. സ്റ്റോക്കിൽ കുറവ് കണ്ടെത്തിയാൽ ജീവനക്കാർ തുക അടയ്‌ക്കണമെന്ന സർക്കുലർ ഉണ്ടായിരുന്നതും ചൂണ്ടിക്കാട്ടി. ഈ സർക്കുലർ ഹൈക്കോടതി പിന്നീട് റദ്ദാക്കി. ഹൈക്കോടതി ഉത്തരവ് വരും മുമ്പ് തുക തിരികെ അടച്ചെന്നും ബോധിപ്പിച്ചു. അതേസമയം, കേസ് റദ്ദാക്കാനാകില്ലെന്നായിരുന്നു സർക്കാരിന്റെയും കോർപ്പറേഷന്റെയും നിലപാട്. വലിയ തുകയുടെ കുറവുണ്ടായത് കരുതിക്കൂട്ടിയല്ലെന്ന് കാണാനാകില്ലെന്നും തുക തിരിച്ചടച്ചത് ഏറെ വൈകിയാണെന്നും പലിശ അടച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.