ദേവസ്വം ബോർഡും ഉണ്ണിക്കൃഷ്ണൻ പോറ്റിയും പറഞ്ഞത് കളവ്,​ അയ്യപ്പന്റെ പൊന്ന് മുക്കി

Friday 03 October 2025 1:06 AM IST

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പത്തിന്റെ പാളികൾ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ദേവസ്വം ബോ‌ർഡും ഉണ്ണിക്കൃഷ്ണൻ പോറ്റിയും പറഞ്ഞതെല്ലാം കളവ്. ശബരിമലയിൽ നിന്ന് 2019ൽ സ്വർണം പൂശാൻ തങ്ങളുടെ സ്ഥാപനത്തിൽ എത്തിച്ചത് ദ്വാരപാലക ശില്പത്തിന്റെ പുതിയ ചെമ്പുപാളികളാണെന്ന് ചെന്നൈയിലെ ഫാക്ടറിയായ സ്മാർട്ട് ക്രിയേഷൻസ് ഉടമ അഡ്വ. കെ.ബി. പ്രദീപ് വെളിപ്പെടുത്തിയതോടെയാണ് ദേവസ്വം ബോർഡും ബന്ധപ്പെട്ടവരും പറഞ്ഞ വാദങ്ങൾ പൊളിഞ്ഞത്.

1999ൽ ദ്വാരപാലക ശില്പങ്ങൾ വ്യവസായി വിജയ് മല്യയുടെ ചെലവിൽ ചെമ്പുപാളികളിൽ നേർത്ത സ്വർണ തകിടുകൾ കൊണ്ടു പൊതിഞ്ഞിരുന്നു. ഈ സ്വർണം അപ്പാടെ അപ്രത്യക്ഷമായെന്നാണ് വ്യക്തമാകുന്നത്. തങ്ങളുടെ സ്ഥാപനത്തിൽ പണി ചെയ്യാത്തതൊന്നും അറ്റകുറ്റപ്പണിക്ക് സ്വീകരിക്കാറില്ലെന്നും പുതിയ ചെമ്പുപാളികൾ കൊണ്ടുതന്നതുകൊണ്ടാണ് സ്വർണം പൂശിയതെന്നും സ്മാർട്ട് ക്രിയേഷൻസ് ഉടമ പറയുന്നുണ്ട്. മല്യ സമർപ്പിച്ച സ്വർണത്തകിട് വർണ കടലാസ് ഒട്ടിക്കുന്നതുപോലെ ചെമ്പുപാളികളിൽ ചാർത്തിയത് സന്നിധാനത്തു വച്ചാണ്. 2019ൽ ശില്പത്തിന്റെ പാളികൾ ഇളക്കിയെടുത്ത് 39 ദിവസത്തിനുശേഷമാണ് ചെന്നൈയിലെത്തിച്ചത്.

ദേവസ്വം രേഖകളിൽ ചെമ്പുപാളികൾ മാത്രം എന്നു രേഖപ്പെടുത്തിയതോടെ ഈ തിരിമറിക്ക് കളമൊരുങ്ങി എന്നാണ് ആക്ഷേപം. പൊതിഞ്ഞ സ്വർണം അപ്രത്യക്ഷമായതിൽ ബോർഡിനും പങ്കുണ്ടെന്ന ആരോപണം ഇതോടെ ശക്തമായി. ദേവസ്വം ബാേർഡ് പറയുന്നതുപോലെ ഇതു കണക്കിലെ പിശകല്ല.

2021ൽ ദ്വാരപാലക ശില്പത്തിന്റെ സ്വർണം പൂശിയ പീഠത്തിന്റെ നിറം മങ്ങുകയും കേടുപാട് സംഭവിക്കുകയും ചെയ്തു. മറ്റൊരു പീഠം നിർമ്മിച്ച് ഉണ്ണികൃഷ്ണൻ പോറ്റി സന്നിധാനത്ത് സമർപ്പിച്ചു. ഈ പീഠത്തിന് വലിപ്പം കൂടുതലായതിനാൽ അന്ന് സ്ട്രോംഗ് റൂമിലേക്ക് മറ്റിയെന്നാണ് അക്കാലത്തെ ദേവസ്വം പ്രസിഡന്റായ എ. പത്മകുമാർ പറഞ്ഞത്.

2023ൽ ദ്വാര പാലക ശില്പത്തിലെ സ്വർണം പൂശിയ പാളികൾക്ക് നിറംമങ്ങിയതും കേടുപാടുണ്ടായതും ചൂണ്ടികാട്ടി അറ്റകുറ്റപ്പണികൾ നടത്തണമെന്നാവശ്യപ്പെട്ട് തന്ത്രി കത്തു നൽകി. 2024ൽ ദാരുശില്പങ്ങളിൽ സ്വർണം പൂശിനൽകാമെന്ന് ഇ-മെയിൽ സന്ദേശത്തിലൂടെ ദേവസ്വം ബോർഡിനെ ഉണ്ണികൃഷ്ണൻ പാേറ്റി അറിയിച്ചു. ഈ കത്തിന്റെ അടിസ്ഥാനത്തിൽ 2025 സെപ്തംബർ ഏഴിന് ദാരുശില്പത്തിലെ പാളികൾ അഴിച്ചെടുത്ത് ചെന്നൈയിലെ ഫാക്ടറിയിലേക്ക് കൊണ്ടുപോയി.

സ്വർണം പൊതിഞ്ഞതിന് തെളിവ്

1. ശബരിമല സന്നിധാനത്തെ ശ്രീകോവിലിനു സമീപമുള്ള ദ്വാരപാലക ശില്പത്തിൽ 1999ൽത്തന്നെ സ്വർണം പൊതിഞ്ഞതിന് തെളിവുണ്ട്. ഇത് സംബന്ധിച്ച മഹസറോ, രജിസ്റ്ററോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും അന്ന് സ്വർണം പൊതിയാൻ നേതൃത്വം നൽകണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് ദേവസ്വം മരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർക്കും ദേവസ്വം വിജിലൻസിനും നൽകിയ കത്ത് ഇപ്പോഴും രേഖയായി ഉണ്ട്.

2. അഴിച്ചെടുത്ത പാളികൾ സ്വർണം പൂശി തിരികെ എത്തിച്ചപ്പോൾ നാലു കിലോ തൂക്കം കുറയുകയും ചെയ്തു. ഇത് എങ്ങനെ സംഭവിച്ചു എന്നതിനും മതിയായ രേഖകളില്ല.