കുട്ടികളിലെ കുറ്റകൃത്യങ്ങളിൽ വർദ്ധന: നേർവഴികാട്ടി 'കാവൽ"

Friday 03 October 2025 1:07 AM IST

കൊല്ലം: കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വർദ്ധിക്കുമ്പോഴും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നേർവഴി കാട്ടി വനിതാ ശിശുവികസന വകുപ്പിന്റെ കാവൽ പദ്ധതി. ഇതുവരെ 280 ൽ അധികം പേർക്കാണ് സേവനം ലഭിച്ചത്. ഇതിൽ 88 ഓളം പേർ പദ്ധതി പൂർത്തീകരിച്ചു. നിലവിൽ 175 കുട്ടികളാണ് പദ്ധതിയുടെ ഭാഗമായുള്ളത്.

പോക്സോ, മോഷണം, കൊലപാതക ശ്രമം, മയക്കുമരുന്ന് ഉപയോഗം, സൈബർ കേസുകൾ, പൊതുമുതൽ നശിപ്പിക്കൽ എന്നിവയിലാണ് ജില്ലയിൽ കുട്ടികൾ കൂടുതലായും ഉൾപ്പെടുന്നത്. കൂട്ടത്തിൽ മോഷണ കേസുകളാണ് കൂടുതലും. മുതിർന്നവർ തമ്മിലുള്ള പകയിൽ കുട്ടികൾ അകപ്പെട്ട് പോകാറുണ്ട്. കൗമാരക്കാർ ഉൾപ്പെടുന്ന പോക്സോ കേസുകളിൽ 80ശതമാനവും സ്നേഹബന്ധങ്ങൾ വഴിയാണ് ഉണ്ടാകുന്നത്. മുതിർന്നവരുമായുള്ള അനാവശ്യ കൂട്ടുകെട്ടുകൾ കുട്ടികളെ ലഹരി ഉപയോഗത്തിലേക്കും വില്പനയിലേക്കും എത്തിക്കുന്നു.

മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും കുട്ടികളിലെ കുറ്റവാസനയെ ഉണർത്തുന്നു. ആൺകുട്ടികളാണ് കേസുകളിലധികവും ഉൾപ്പെട്ടിരിക്കുന്നത്. കാവൽ പദ്ധതിയിൽ നിലവിലുള്ള 175 എണ്ണത്തിൽ 174 ആൺകുട്ടികളും 1 പെൺകുട്ടിയുമാണ് ഉൾപ്പെട്ടിട്ടുള്ളത്. പതിനാറ് വയസ് മുതലുള്ള കുട്ടികളാണ് കൂടുതലായും കുറ്റകൃത്യങ്ങളിൽപ്പെടുന്നത്. ദർശൻ ഫൗണ്ടേഷൻ കരുനാഗപ്പള്ളി (നഗരം), പുനലൂർ സർവീസ് സൊസൈറ്റി (റൂറൽ) എന്നീ എൻ.ജി.ഒകളാണ് ജില്ലയിൽ കാവൽ പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്.

കൗൺസലിംഗും നിരീക്ഷണവും

 ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകളുടെ നേതൃത്വത്തിൽ എൻ.ജി.ഒകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്

 കുറ്റാരോപിതരായവർക്ക് കൗൺസലിംഗിലൂടെയും നിരന്തര നിരീക്ഷണത്തിലൂടെയും പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണ് ലക്ഷ്യം

 ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാകുന്ന കുട്ടികൾക്ക് ഒബ്സർവേഷൻ ഹോമിലേയോ ചിൽഡ്രൻസ് ഹോമിലേയോ കൗൺസിലർമാർ വഴി കൗൺസലിംഗ് നൽകും

 21 വയസ് വരെയുള്ളവരെ പദ്ധതിയിൽ ഉൾപ്പെടുത്തും

ജില്ലയിൽ പദ്ധതി ആരംഭിച്ചത്

2018ൽ

സേവനങ്ങൾ

 കൗൺസലിംഗ്

 ഭവന സന്ദർശനം

 ലൈഫ് സ്കിൽ വിദ്യാഭ്യാസം

 വൊക്കേഷണൽ പരിശീലനം

 മാനസികാരോഗ്യ പിന്തുണ

 തൊഴിൽ പരിശീലനം

 ഡീ അഡിക്ഷൻ പ്രോഗ്രാം

ഓരോ കുട്ടിക്കും ആവശ്യമായ വ്യക്തിഗത പ്ലാൻ തയ്യാറാക്കിയാണ് പദ്ധതി മുന്നോ‌ട്ട് പോകുന്നത്. പല കുട്ടികളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.

കാവൽ പദ്ധതി അധികൃതർ