ജീവനെടുക്കുന്ന എലിപ്പനി
Friday 03 October 2025 1:20 AM IST
എലിപ്പനി കേരളത്തിൽ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്. 285 പേരാണ് ഈവർഷം ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചത്. എലിപ്പനി പ്രതിരോധത്തിനും ചികിത്സയ്ക്കും മരുന്ന് ലഭ്യമായിട്ടും മരണം കൂടുന്നതിൽ ആരോഗ്യവിദഗ്ദ്ധരും ആശങ്കയിലാണ്. മലിനജലത്തിൽ ഇറങ്ങുന്നവരും വൃത്തിഹീനമായ സാഹചര്യത്തിൽ ജോലിനോക്കുന്നവരും ഷൂസും കൈയുറയും ധരിച്ചാൽ എലിപ്പനി പ്രതിരോധിക്കാം. നനഞ്ഞ മണ്ണിൽ ചെരുപ്പിടാതെ നടക്കരുതെന്നാണ് വിദഗ്ദ്ധാഭിപ്രായം. മണ്ണിലുള്ളതും എലി, പൂച്ച, നായ, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിലുമുള്ള ലപ്‌റ്റോ സ്‌പൈറോ ബാക്ടീരിയകളാണ് എലിപ്പനിക്ക് കാരണമാകുന്നത്. ശക്തമായ തലവേദനയും ശരീരവേദനയോടും കൂടിയുള്ള പനിയാണ് പ്രധാന ലക്ഷണം. പ്രാരംഭഘട്ടത്തിൽ ചികിത്സിച്ചാൽ പൂർണമായും രോഗമുക്തി നേടാവുന്ന രോഗമാണെങ്കിലും ദിവസങ്ങൾ വൈകിയാൽ മരണത്തിലേക്ക് എത്തും.