ശെന്തുരുണിയിൽ വന്യജീവി വാരാഘോഷം 

Friday 03 October 2025 1:53 AM IST

തിരുവനന്തപുരം: വന്യജീവി വാരാചരണത്തിന്റെ ഭാഗമായി 8വരെ ശെന്തുരുണി വന്യജീവി സങ്കേതത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. വാരാചരണത്തിന് തുടക്കം കുറിച്ച് ഇന്നലെ തെന്മല ടൗണിൽ നിന്ന് ഡാം ജംഗ്ഷൻ വരെ നടത്തിയ വാക്കത്തോൺ തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികൾ, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, പരിസ്ഥിതി പ്രവർത്തകർ, ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി അംഗങ്ങൾ, വനം വകുപ്പ് ഉദ്യോഗസ്ഥൻ തുടങ്ങിയവർ പങ്കെടുത്തു. ഫോറസ്റ്റ് ഇൻഫർമേഷൻ സെന്ററിൽ ആരംഭിച്ച വന്യജീവി ഫോട്ടോ പ്രദർശനം ഗ്രാമപഞ്ചായത്ത് അംഗം നാഗരാജും ബോധവത്കരണ ക്യാമ്പിന്റെ ഉദ്ഘാടനം വൈൽഡ് ലൈഫ് വാർഡൻ ഹീരലാലും നിർവഹിച്ചു.

8വരെ തെന്മലയിലെയും പരിസരങ്ങളിലെയും വിവിധ സ്കൂളുകളിൽ പരിസ്ഥിതി ക്വിസ്, ചിത്രരചനാ മത്സരം, ഉപന്യാസ മത്സരം, പ്രസംഗമത്സരം എന്നിവ നടത്തും. തെന്മലയിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി സ്പോട്ട് ക്വിസും സംഘടിപ്പിക്കും.

വനമേഖലകളിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജനം, ജലസ്രോതസുകളുടെ നവികരണം വൃക്ഷത്തൈ നടീൽ തുടങ്ങിയവും നടത്തും. 8വരെ വന്യജീവി സങ്കേതത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സജു.ടി.എസ് അറിയിച്ചു.