ദേവസ്വം നിയമത്തിൽ ഭേദഗതി; ബോർഡ് കാലാവധി നീട്ടും

Friday 03 October 2025 1:55 AM IST

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി നീട്ടാൻ ആലോചന. കാലാവധി ജൂൺ മുതൽ ജൂൺ വരെയാക്കും. നിയമസഭാ സമ്മേളനത്തിന് ശേഷം ഓർഡിനൻസ് കൊണ്ടുവന്ന് അടുത്ത സമ്മേളനത്തിൽ ബില്ലായി അവതരിപ്പിക്കും.

ശബരിമല സീസൺ തുടങ്ങുന്നതിനു തൊട്ടുമുൻപ് ബോർഡിന്റെ കാലാവധി തീരുകയും പുതിയ ഭരണ സമിതി അധികാരമേൽക്കുകയും ചെയ്യുന്നതാണ് നിലവിലെ രീതി. ഭരണസമിതിയുടെ മാറ്റം അടുത്ത ശബരിമല സീസണിനെ ബാധിക്കും എന്നതാണ് സർക്കാരിന്റെ വാദം. നിലവിൽ രണ്ട് വർഷമാണ് ഭരണസമിതിയുടെ കാലാവധി.

നവംബറിൽ ചുമതലയേൽക്കുന്ന പുതിയ ഭരണസമിതി തിരക്ക് നിയന്ത്രിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതിസന്ധി നേരിടുന്നത് ബോദ്ധ്യമായതിനെ തുടർന്ന് ദേവസ്വം സ്‌പെഷൽ സെക്രട്ടറി എം.ജി.രാജമാണിക്യം കാലാവധി പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞു.