വാട്‌സാപ്പ് ഗ്രൂപ്പുകൾ മുതൽ ആക്ഷൻ കൗൺസിൽ വരെ; ആലപ്പുഴയിൽ എയിംസ് നടപ്പിലാക്കണം, ആവശ്യവുമായി ജനകീയ കൂട്ടായ്‌മ
ആലപ്പുഴ: ആലപ്പുഴയിൽ എയിംസ് പദ്ധതി നടപ്പിലാക്കാനുളള നടപടികൾ ഊർജിതമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകൾ മുതൽ ആക്ഷൻ കൗൺസിൽ വരെ രൂപീകരിച്ചാണ് ജനകീയ കൂട്ടായ്‌മ നീക്കങ്ങൾ നടത്തുന്നത്. ജില്ലയിൽ എയിംസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതിനിടയിലാണ് നാട്ടുകാർ പുതിയ നീക്കവുമായി മുന്നോട്ടുപോകുന്നത്. ആലപ്പുഴയിൽ എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയതിന് പിന്നാലെയാണ് എയിംസ് സ്ഥാപിക്കുന്ന വിഷയം കേരളത്തിൽ വീണ്ടും ചർച്ചയായത്.
എയിംസ് സ്ഥാപിക്കാൻ പ്രശ്നങ്ങളൊന്നും ബാധിക്കാത്ത പ്രദേശം ആലപ്പുഴയിലുണ്ടെന്നാണ് ജനകീയ കൂട്ടായ്മ അഭിപ്രായപ്പെടുന്നത്. എയിംസിന് ഏറ്റവും അനുയോജ്യമായ സ്ഥലം ഗാന്ധി സ്‌മൃതി വനമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലും രൂപീകരിച്ചു. എയിംസിനായി ഒപ്പുശേഖരണവും വിവിധ പരിപാടികളും സംഘടിപ്പിക്കാനാണ് ജനകീയ കൂട്ടായ്‌മയുടെ തീരുമാനം. സർക്കാർ വിവിധ പദ്ധതികൾക്കായി ഏറ്റെടുത്ത ഏക്കറ് കണക്കിന് സ്ഥലം ആലപ്പുഴ ജില്ലയിൽ പല ഇടങ്ങളിലായി വെറുതെ കിടക്കുന്നുണ്ട്. ഇവ എയിംസിന് പ്രയോജനപ്പെടുത്തണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലും ചർച്ച സജീവമായി നടക്കുന്നുണ്ട്.
എന്നാൽ ബിജെപി നേതാക്കൾക്ക് എയിംസ് എവിടെ വരണമെന്നതിൽ വ്യത്യസ്ത നിലപാടാണുളളത്. സ്ഥലം എവിടെ വേണമെങ്കിലും റെഡിയാണ് കേന്ദ്രം ആദ്യം അനുമതി നൽകട്ടെയെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. അതേസമയം, വിവാദങ്ങളും തർക്കങ്ങളും കാരണം എയിംസ് കേരളത്തിന് നഷ്‌ടപ്പെടുന്ന സ്ഥിതി ഉണ്ടാകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചിരുന്നു. എയിംസ് കേരളത്തിന് അവകാശപ്പെട്ടതാണെന്നും കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്ന നിർദ്ദേശമാണ് സംസ്ഥാനം കേന്ദ്രത്തിന് നൽകിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചിരുന്നു.