ബംഗളൂരുവിൽ മാത്രമല്ല, സ്വർണപ്പാളി പ്രദർശനം ചെന്നൈയിലും; പ്രമുഖ നടന്റെ വീട്ടിലെത്തിച്ച് പൂജ നടത്തി
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി ബംഗളൂരുവിൽ മാത്രമല്ല ചെന്നൈയിലും എത്തിച്ച് പ്രദർശനം നടത്തിയതായി വിവരം. 2019ൽ നടന്ന ചടങ്ങിന്റെ ഭാഗമായി നടൻ ജയറാമും ചെന്നൈയിലെത്തിയിരുന്നു. ശബരിമല അയ്യപ്പന്റെ നടയും കട്ടളപ്പടിയും ആണെന്ന് പറഞ്ഞാണ് സ്‌പോൺസർമാരിൽ ഒരാളായ ഉണ്ണികൃഷ്‌ണൻ പോറ്റി ചെന്നൈയിൽ പ്രദർശനം സംഘടിപ്പിച്ചത്.
ഉണ്ണികൃഷ്‌ണൻ പോറ്റി ക്ഷണിച്ചിട്ടാണ് എത്തിയതെന്ന് ജയറാം അന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പറയുന്നുണ്ട്. 'എന്റെ സന്തോഷം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാകുന്നില്ല. കഴിഞ്ഞ 45 വർഷമായി മുടങ്ങാതെ ശബരിമലയിലെത്തുന്ന ഒരു ഭക്തനാണ് ഞാൻ. മകരവിളക്ക് സമയത്ത് ക്ഷേത്രത്തിൽ പോകുമ്പോൾ സ്ഥിരമായി കാണുന്ന മുഖങ്ങളാണ് ഉണ്ണി, ഗോവർദ്ധൻ എന്നിവർ. അയ്യപ്പന്റെ നട പുതുക്കിപ്പണിയുകയാണെന്ന് അവർ എന്നോട് പറഞ്ഞിരുന്നു. ഇവരാണത് സ്‌പോൺസർ ചെയ്‌തത്.
ക്ഷേത്രത്തിന്റെ നട സ്വർണംപൂശിയ ശേഷം ശബരിമലയിലേക്ക് തിരികെ കൊണ്ടുപോകുന്നതിന് മുമ്പ് ചങ്ങനാശേരിയിൽ വച്ച് അത് കണ്ട് പ്രാർത്ഥിക്കാനായി. ഇപ്പോൾ ക്ഷേത്രത്തിന്റെ കട്ടളപ്പടി പൂർണമായും സ്വർണത്തിൽ പൊതിഞ്ഞ് ശബരിമലയിലേക്ക് കൊണ്ടുപോകാൻ പോവുകയാണ്. ചെന്നൈയിൽ വച്ച് ഇന്ന് അതിന്റെ ആദ്യ പൂജ ചെയ്യാനുള്ള ഭാഗ്യം ഇവരെനിക്ക് തന്നു. ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യമാണ്. ഇത് ഞാനൊരിക്കലും മറക്കില്ല'- ഇങ്ങനെയാണ് അന്നത്തെ വാർത്താസമ്മേളനത്തിൽ ജയറാം പറഞ്ഞത്.
ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ജയറാം പ്രതികരണവുമായി രംഗത്തെത്തി. 'ഞാനും വീരമണിരാജുവും അന്നുണ്ടായിരുന്നു. അദ്ദേഹം പാട്ട് പാടിയിരുന്നു. അയ്യപ്പനായിട്ട് തന്ന മഹാഭാഗ്യമെന്നാണ് ഞാൻ കരുതുന്നത്. അമ്പത്തൂരിൽ ഇത് നിർമിച്ച ഫാക്‌ടറിയിലെ ഒരു മുറിയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ശേഷം ഞാൻ അഭ്യർത്ഥിച്ചത് പ്രകാരം ഇതിന്റെ ചില ഭാഗങ്ങൾ എന്റെ വീട്ടിലേക്ക് കൊണ്ടുവന്ന് പൂജാമുറിയിൽ വച്ച് കർപ്പൂരം കത്തിച്ച ശേഷമാണ് ശബരിമലയിലേക്ക് കൊണ്ടുപോയത്. ഇതിന് മുമ്പും സ്വർണം പൂശി ശബരിമലയിലേക്ക് തിരിച്ച് കൊണ്ടുപോകുന്ന പല വസ്‌തുക്കളും പൂജ നടത്തിയപ്പോൾ ഉണ്ണികൃഷ്‌ണൻ പോറ്റി എന്നെ വിളിച്ചിട്ടുണ്ട്. ഞാനതിലെല്ലാം പങ്കെടുത്തിട്ടുമുണ്ട്' - ജയറാം ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിൽ നിന്ന് സ്വർണം പൂശാനായി കൊടുത്തുവിട്ട വസ്‌തുക്കൾ ഉണ്ണികൃഷ്‌ണൻ പോറ്റി പല സ്ഥലങ്ങളിൽ എത്തിച്ച് പ്രദർശനം നടത്തി പണംപിരിച്ചു എന്നതിന്റെ തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കിളിമാനൂർ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്‌ണന്റെ ഇടപാടുകളിൽ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായി നാളെ ഇയാളെ ചോദ്യം ചെയ്യും. സിനിമാ താരങ്ങളെ ഉൾപ്പെടെ മറയാക്കിയാണ് ഇയാൾ തട്ടിപ്പുകൾ നടത്തിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.