ബംഗ്ളാദേശിനോട് പോലും നാണംകെട്ട് പാകിസ്ഥാൻ, അപൂർവമായ രീതിയിൽ പുറത്തായി ബാറ്റർ

Friday 03 October 2025 1:10 PM IST

കൊളംബോ: ഏഷ്യാ കപ്പ‌് ക്രിക്കറ്റിൽ ഇന്ത്യയോട് തോറ്റ് കപ്പ് നഷ്‌ടമായ പാകിസ്ഥാൻ അന്താരാഷ്‌ട്ര തലത്തിൽ ഏറെ നാണം കെട്ടിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ‌ദിവസം ആരംഭിച്ച വനിതകളുടെ ലോകകപ്പ് മത്സരത്തിലും പാകിസ്ഥാൻ, ബംഗ്ളാദേശിനോട് തോറ്റുപോയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക് വനിതകൾ 129 റൺസിന് ഓൾ ഔട്ടായി. ഇതിന് മറുപടിയായി ബംഗ്ളാദേശ് വനിതകൾ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തിൽ 32 ഓവറിൽ വിജയിച്ചു.

ബാറ്റിംഗിനിടെ പാകിസ്ഥാൻ കളിക്കാരിൽ ശ്രദ്ധേയമായ പുറത്താകൽ ഉണ്ടായത് പത്താമത് ബാറ്റ്‌ചെയ്യാനിറങ്ങിയ നഷ്‌റ സന്ധുവിന്റേതായിരുന്നു.35-ാം ഓവറിൽ സ്‌പിന്നർ ഷോർണ അക്‌തറിന്റെ പന്ത് വിട്ടുകളഞ്ഞ നഷ്‌റ സന്ധുവിന്റെ ബാറ്റ് പക്ഷെ ബെയിൽസിൽ തട്ടി താരം ഹിറ്റ്‌വിക്കറ്റ് ആകുകയായിരുന്നു. ഏഴ് പന്തുകളിൽ വെറും ഒരു റൺ മാത്രമാണ് നഷ്‌റയ്‌ക്ക് നേടാനുമായത്. ബൗളിംഗിലും കാര്യമായി തിളങ്ങാൻ നഷ്‌റയ്‌ക്ക് സാധിച്ചില്ല മൂന്നോവറിൽ 27 റൺസ് നഷ്‌റ വിട്ടുകൊടുത്തു, വിക്കറ്റൊന്നും നേടിയതുമില്ല.

മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ നിറംമങ്ങിയതാണ് പാകിസ്ഥാന് വിനയായത്. ഇന്ത്യക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. 130 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് വേണ്ടി റൂബ്യ ഹൈദർ 54*(77) അർദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. ശോഭന മൊസ്താറി 24*(19)യും പുറത്താകാതെ നിന്നു. ഫർഗാന ഹഖ് 2(17), ഷർമീൻ അക്തർ 10(30), ക്യാ‌പ്‌റ്റൻ നൈഗർ സുൽത്താന 23(44) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. പാകിസ്ഥാന് വേണ്ടി ഡയാന ബായ്‌ഗ്, റമീൻ ഷമീം, ഫാത്തിമ സന എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനായി 39 പന്തുകളിൽ നിന്ന് 23 റൺസ് നേടിയ റമീൻ ഷമീൻ ആണ് ടോപ് സ്‌കോററായത്. മുനീബ അലി 17(35), ഒമൈമ സൊഹൈൽ 0(1), സിദ്ര അമീൻ 0(1), ആലിയ റിയാസ് 13(43), സിദ്ര നവാസ് 15(20), ക്യാ‌പ്‌റ്റൻ ഫാത്തിമ സന 22(33), നതാലിയ പർവെയ്സ് 9(14), ഡയാന ബായ്ഗ് 16*(22), നഷ്റ സന്ധു 1(7), സയ്ദ ഇഖ്ബാൽ 4(17) എന്നിങ്ങനെയാണ് പാക് ബാറ്റർമാരുടെ സ്‌കോറുകൾ.

ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഷൊർണ അക്തർ ബൗളിംഗിൽ തിളങ്ങി.