'കുഞ്ഞിനെ കണ്ടതും ഞാൻ പൊട്ടിക്കരഞ്ഞുപോയി'; പ്രസവ വീഡിയോ പങ്കുവച്ച് വീണ
സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് വീണ മുകുന്ദൻ. ഒരു ഓൺലെെൻ മാദ്ധ്യമത്തിലെ അവതാരകയായി ശ്രദ്ധനേടിയ വീണ ഇപ്പോൾ സ്വന്തം ചാനൽ ആരംഭിച്ച് സെലിബ്രിറ്റി അഭിമുഖങ്ങൾ നടത്തിവരികയാണ്. അടുത്തിടെ 'ആപ്പ് കെെസേ ഹോ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും വീണ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ താൻ അമ്മയായ വിവരം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് വീണ.
ലേബർ റൂമിൽ കുഞ്ഞിനെ ആദ്യമായി കാണുന്ന നിമിഷം സഹിതം പങ്കുവച്ചിട്ടുണ്ട്. സെപ്തംബർ 26നാണ് തന്റെ ഡെലിവറി കഴിഞ്ഞതെന്നും എന്നാൽ ഇപ്പോഴാണ് വീഡിയോ ഇടുന്നതെന്നും വീണ പറഞ്ഞു. താൻ ആഗ്രഹിച്ചപോലെ ഒരു പെൺകുഞ്ഞിനെയാണ് ലഭിച്ചതെന്നും കുഞ്ഞിനെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുപോയെന്നും അവർ വ്യക്തമാക്കി.
'പ്രസവശേഷം ഡോക്ടർ വന്ന് പെൺകുട്ടിയാണെന്ന് പറഞ്ഞത് മാത്രമേ എനിക്ക് ഓർമയുള്ളൂ. അപ്പോൾ തന്നെ ഞാൻ പൊട്ടിക്കരഞ്ഞുപോയി. എനിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ലായിരുന്നു. റൂമിലേക്ക് കൊണ്ടുവന്നപ്പോഴും ഞാൻ എല്ലാവരെയും നോക്കി കരയുകയായിരുന്നു. സന്തോഷം കൊണ്ടാണ് കരഞ്ഞത്. ഡെലിവറി കഴിഞ്ഞ് ഹാപ്പിയായാണ് ഞാൻ പുറത്തേക്ക് വന്നത്. എന്റെ ജീവിതത്തിൽ ഞാൻ കടന്നുപോയ ഏറ്റവും മനോഹരമായ ദിവസമായിരുന്നു സെപ്തംബർ 26.ചിലപ്പോൾ പലരും ചോദിക്കാം എന്തിനാണ് ഇതൊക്കെ ഷൂട്ട് ചെയ്യുന്നതെന്ന്? എന്റെ ആദ്യ പ്രസവമാണിത്. എനിക്ക് ഇത് വളരെ വലിയ കാര്യമാണ്. അതുകൊണ്ടാണ് ഞാൻ ഇത് ഷൂട്ട് ചെയ്തത്. കുഞ്ഞിന് പേര് ഇട്ടിട്ടില്ല. നല്ല പേരുകൾ നിങ്ങൾക്ക് നിർദേശിക്കാം'- വീണ പറഞ്ഞു.