ഒന്നാം ടെസ്റ്റ്: ധ്രുവ് ജുറേലിന് കന്നി സെഞ്ച്വറി; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

Friday 03 October 2025 4:23 PM IST

അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ റൺമല തീർത്തു മുന്നേറുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ധ്രുവ് ജുറേലിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് രണ്ടാം ദിനത്തിലെ പ്രധാന ആകർഷണം. 190 പന്തുകളിൽനിന്നാണ് ധ്രുവ് ജുറേൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ കന്നി സെഞ്ചറി നേടിയത്. രണ്ടു സിക്സുകളും 12 ഫോറുകളും അടക്കം 194 പന്തുകളിൽ 104 റണ്‍സെടുത്തു പുറത്താകാതെ ജുറേൽ ജഡേജയ്ക്കൊപ്പം ക്രീസിൽ തന്നെ നിലയുറപ്പിച്ചു. എന്നാൽ എന്നാൽ സെഞ്ച്വറി തികച്ച് അധികം വൈകാതെ തന്നെ ജുറേൽ പുറത്താവുകയായിരുന്നു. മത്സരത്തിന്റെ അഞ്ച് സെഷനുകളിലും ഇന്ത്യ ആധിപത്യം നിലനിർത്തി മുന്നേറുകായാണ്.

ജുറേലും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ചേർന്ന് അഞ്ചാം വിക്കറ്റിൽ തകർപ്പൻ സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്കാണ് നയിച്ചത്. നേരത്തെ രണ്ടാം ദിനം രണ്ടാം സെഷന്റെ തുടക്കത്തിൽ തന്നെ കെ എൽ രാഹുൽ സെഞ്ച്വറി തികച്ചിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ രാഹുലും പുറത്തായി.

രാവിലെ നടന്ന ആദ്യ സെഷനിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അർദ്ധ സെഞ്ച്വറി നേടി മികച്ച തുടക്കം നൽകി. എന്നാൽ റിവേഴ്‌സ് സ്വീപ്പിനുള്ള ശ്രമത്തിനിടെ ഗിൽ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. വെസ്റ്റ് ഇൻഡീസ് ബൗളർമാർക്ക് കാര്യമായ വെല്ലുവിളിയുയർത്താൻ സാധിക്കാതെ വന്നതോടെ, ഒന്നാം ഇന്നിംഗസ് കൂറ്റൻ സ്കോറാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.