സൃഷ്‌ടി 2005 ഹാക്കത്തൺ: അൻസാർ സ്കൂൾ വിജയികൾ

Saturday 04 October 2025 12:37 AM IST
അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ നടന്ന സൃഷ്ടി ഹാക്കത്തോണിൽ മാതൃകകൾ നിർമ്മിക്കുന്ന വിദ്യാർത്ഥികൾ

കൊച്ചി: കുട്ടികളിലെ സർഗാത്മകതയും പ്രശ്‌നപരിഹാര മികവും കണ്ടെത്താൻ സംഘടിപ്പിച്ച സൃഷ്ടി 2025 ഹാക്കത്തണിൽ അടുത്ത തലമുറ റോബോട്ടിക്‌സ് മാതൃക അവതരിപ്പിച്ച തൃശൂർ അൻസാർ ഇംഗ്ലീഷ് സ്‌കൂളിലെ നാമിർ നിഷാദ്, കെ.എ. ഷാമിൽ, മുഹമ്മദ് ഷെഹ്‌സാൻ എന്നിവർ ഒന്നാം സ്ഥാനം നേടി. എ.വി.എസ് ജി.എച്ച്.എസ്.എസ് രണ്ടും കൊല്ലം ഐശ്വര്യ പബ്ലിക് സ്‌കൂൾ മൂന്നും സ്ഥാനത്തെത്തി.

അടൽ ഇന്നവേഷൻ മിഷൻ, സമഗ്ര ശിക്ഷാ കേരള, ഐ.ഇ.ഇ.ഇ എന്നിവരുടെ സഹകരണത്തോടെയാണ് അമൃത വിശ്വവിദ്യാപീഠം ഹാക്കത്തൺ സംഘടിപ്പിച്ചത്. പ്രാഥമിക ഘട്ടത്തിൽ മത്സരിച്ച 2320 പേരിൽ 43 പേരാണ് ഫൈനലിൽ കടന്നത്.

അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ നടന്ന ഗ്രാൻഡ് ഫിനാലെ കെ.എസ്.ഇ.ആർ.സി ചെയർമാനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ടി.കെ. ജോസ് ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ഷിപ്പ്‌യാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. അനീഷ്, മാതാ അമൃതാനന്ദമയിമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി, അമൃത സ്‌കൂൾ ഒഫ് ആർട്‌സ് ഡീൻ പ്രൊഫ. യു. കൃഷ്ണകുമാർ, സമഗ്ര ശിക്ഷാ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ബി. ഷാജി തുടങ്ങിയവർ പങ്കെടുത്തു.