നീതി
നീതിബോധങ്ങളിന്നെവിടെ നീളെ ജയിക്കും സത്യമെവിടെ മന്നന്റെ ചിന്തയിൽ വന്നെത്തി മരീചികയാമീ ചിന്തനങ്ങൾ നന്മകൾ മരിക്കുന്നു മണ്ണിൽ തിന്മകളടരാടി തിമിർക്കുന്നു ഭൂവിൽ പുനർജനിക്കുന്നു ദുർനിമിത്തങ്ങൾ പാടെ കരിക്കുന്നു മാനവ ജീവിതം ലോകനന്മയ്ക്കായ് ജനിച്ചവരൊക്കെ ലോകഗതിയോർത്ത് വിതുമ്പുന്നു
നീതിദേവത കണ്ണടയ്ക്കുമ്പോൾ ദുർദേവത താണ്ഡവമാടുന്നു നാടിന് നീതിയേകേണ്ടവർ നടനമാടുന്നു ദുഷ്ടരോടൊത്ത് എവിടെയാണല്പം സ്വാതന്ത്ര്യമെന്ന് തിരഞ്ഞു നടക്കുന്നതെന്തുകഷ്ടം കള്ളം പറയും സത്യവാന്മാർ കുലംകുത്തി വാഴുന്നു ബുദ്ധിശൂന്യർ
ചിത്രരാജ്യം നിബിൻ കള്ളിക്കാട് .............................. ഞാനൊരു ചിത്രകാരനായിരുന്നു മഷിതീരും വരെ ഞാനെന്റെ പേനയിൽ ഒരു രാജ്യത്തിന്റെ ഭൂപടമായിരുന്നു വരച്ചത്, പെട്ടെന്നായിരുന്നു പ്രതീക്ഷിയ്ക്കാതെ എന്റെ പേനയുടെ മഷി തീർന്നത്... മഷി തീർന്ന പേനയിൽ വരച്ചു തീരാത്തൊരു രാജ്യത്തിന്റെ നഗ്ന - ഭൂപടചിത്രം എന്നെ നോക്കി, അതിരുകൾ പൂർണമല്ലാത്തതിനാൽ പേടിയോടെ ഏങ്ങിക്കരയുന്നു. കാരണം അതിരുകൾ കൃത്യമായി ഞാനാദ്യം വരച്ചുതീർത്തിട്ടില്ല! വരച്ചു തീരാത്ത അതിരുകളിലൂടെ ആ രാജ്യത്തേയ്ക്ക് ആർക്കും നടന്നു പോകാമെന്ന സ്ഥിതിയാണിപ്പോൾ... ഒരു രാജ്യമാകുമ്പോൾ അവിടെ നിയമങ്ങളുണ്ട് സുരക്ഷയുടെ കാവലുണ്ട്... പക്ഷേ എന്റെ ചിത്രത്തിലെ രാജ്യത്തിന് അവയില്ല, എങ്കിലും എന്റെ ചിത്രത്തിലെ രാജ്യത്തേയ്ക്ക് അതിരുകളും പ്രവേശന കവാടവുമില്ലെങ്കിലും അവിടേക്ക് കടന്നു പോകുന്നതെല്ലാം തീവ്രവാദികളാണെന്നും നുഴഞ്ഞു കയറുന്നവർ രാജ്യദ്റോഹികളുമാണ് എന്നാ ചിത്രം പോലും നിശബ്ദം എന്നോട് വിളിച്ചുപറഞ്ഞു! അതും മറ്റാരും കേൾക്കാതെയാണ്; ചിലപ്പോൾ യുദ്ധങ്ങൾക്കായി കൊതിപൂണ്ടവർ കടന്നു വന്നേക്കാമെന്നൊരു തോന്നലിലാണ് ആ ചിത്രത്തിലെ അതിരുകളുടെ സങ്കടക്കരച്ചിൽ.... ചിത്രത്തിന്റെ കരച്ചിലോർത്തപ്പോൾ ഞാൻ മറ്റൊരു പേനയെടുത്ത് അതിരുകൾ വരച്ചു.. ഇപ്പോൾ കരച്ചിലുകൾ പുറത്തുകേൾക്കുന്നില്ല, അതിരുകൾക്കപ്പുറം അവിടെയെന്താണെന്ന് ലോകമറിയുന്നില്ല... അങ്ങനെ ഞാൻ വരച്ചു തീർന്ന ചിത്രത്തിനൊരു പേരിടാനുറപ്പിച്ചു. ഒടുവിൽ മറ്റൊന്നും ആലോചിക്കാതെ ഞാനതിന് പേരിട്ടു , 'അധിനിവേശത്തിന്റെ രാജ്യചിത്രം!"