അയ്യപ്പ ഭക്തരുടെ വിശ്വാസം സർക്കാർ വിൽപനച്ചരക്കാക്കി, സ്വർണക്കൊള്ള നടന്നത് ആചാരലംഘനകാലത്തെന്ന് വി മുരളീധരൻ

Friday 03 October 2025 6:06 PM IST

തിരുവനന്തപുരം: ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തെ ഇടതുസർക്കാർ വിൽപനച്ചരക്കാക്കിയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.

ശബരിമല, ഹിന്ദുക്ഷേത്രമായതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മറ്റേതെങ്കിലും വിശ്വാസത്തെ ഇത്ര ലാഘവത്തോടെ സർക്കാർ കൈകാര്യം ചെയ്യുമോ എന്നും വി.മുരളീധരൻ ചോദിച്ചു.

ശബരിമല ആചാരലംഘനം നടന്ന കാലയളവിൽ തന്നെയാണ് ശ്രീകോവിലിലെ സ്വർണക്കൊള്ളയെന്നത് ചേർത്തു വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലും ബംഗളൂരുവിലുമെല്ലാം ശബരിമല ശ്രീകോവിലിന്റെ ഭാഗങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടു നടന്നത് ആരുടെ അനുമതി വാങ്ങിയാണെന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിക്കണം. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയാൽ സിനിമാ താരങ്ങളുടെ വീട്ടിലെത്തിച്ച ശേഷമാണോ ശബരിമലയിൽ തിരികെ എത്തിക്കേണ്ടത് എന്ന് മുരളീധരൻ ചോദിച്ചു.

ദേവസ്വത്തിന്റെ സ്വത്ത് എങ്ങനെ വേണമെങ്കിലും കൊണ്ടുനടക്കാം എന്നാണോ ? 1999ൽ വിജയ് മല്യ നൽകിയ സ്വർണപ്പാളി എങ്ങനെ 2019ൽ ചെമ്പായി എന്നത് സർക്കാർ വിശദീകരിക്കണം. ക്രിമിനൽ കേസിലെ പ്രതിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി. അങ്ങനെയൊരാൾ ശബരിമലയിലെ മുഖ്യനായി മാറിയത് സർക്കാർ അറിഞ്ഞുതന്നെയാണ്. ഉണ്ണികൃഷ്ണൻ പോറ്റി പിണറായിയുടെ ചെവിയിൽ സ്വകാര്യം പറയുന്ന ഫോട്ടോ തെളിയിക്കുന്നത് ഉന്നത സ്വാധീനമാണ്.ഉണ്ണികൃഷ്ണനെതിരെ കേസെടുക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണ് എന്നും മുരളീധരൻ ചോദിച്ചു.