സിനിമയുടെ ലോകം
സിനിമയുടെ 'സഭ"യിൽ എത്താൻ ശരത് കുമാർ ഒരു പാട് ആഗ്രഹിച്ചതാണ്. കഥാപാത്രം ചെറുതായാലും വലുതായാലും മനസിൽ തങ്ങി നിൽക്കുന്ന പ്രകടനം കാഴ്ചവച്ച് ശരത് സഭ എന്ന പേരിൽ ശരത് കുമാർ തിളങ്ങുന്നു. മലയാള സിനിമയുടെ റെക്കോഡുകൾ ഇപ്പോഴും തകർത്തെറിയുന്ന ലോക : ചാപ്ടർ വൺ : ചന്ദ്രയിൽ സുന്ദർ എന്ന നെഗറ്റീവ് ഷേഡ് കഥാപാത്രത്തിൽ എത്തി നിൽക്കുന്നു ശരത് . ലോകയുടെ സംവിധായകൻ ഡൊമിനിക് അരുണിന്റെ ആദ്യ സിനിമ തരംഗം ആണ് ശരത് സഭയുടെയും ബിഗ് സ്ക്രീൻ എൻട്രി. ഒക്ടോബർ 10ന് തിയേറ്ററിൽ എത്തുന്ന നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡ്ഴ്സിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന കഥാപാത്രമായി വരാൻ പോകുന്നു. ഇനിയത്തെ യാത്ര മുന്നോട്ട് പോകുന്നതിന് ലോക: ചാപ്ടർ 1 : ചന്ദ്ര നൽകുന്ന പ്രതീക്ഷ വലുതെന്ന് ശരത് സഭ . ഓഡിഷൻ തന്ന തരംഗം തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടി പുറത്തിറങ്ങിയപ്പോൾ മുതൽ സിനിമയിലേക്ക് വഴികൾ അന്വേഷിച്ചു. കോഴ്സ് കഴിഞ്ഞ് ആക്ടിംഗ് വർക് ഷോപ്പ് , നാടക പരിശീലനം, കോസ്റ്റ്യൂം, മേക്കപ്പ് തുടങ്ങി വിഭാഗങ്ങളിൽ ജോലി ചെയ്തു. ആ സമയത്ത് ഓഡിഷനിലൂടെ തരംഗത്തിൽ എത്തി . ഇതിനുമുമ്പ് ഒറ്റയാൾ പാത, മറവി തുടങ്ങി സമാന്തര സ്വഭാവം പുലർത്തുന്ന സിനിമയിൽ അഭിനയിച്ചു. ‘ജാൻ. എ . മൻ എത്തിയതോടെ കൂടുതൽ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി . ഓഡിഷനിലൂടെയാണ് ജാൻ. എ. മന്നിലും എത്തിയത്. അതിനുശേഷം വന്ന അവസരം എല്ലാം സിനിമകൾ കണ്ട് വിളിച്ചതാണ്. കണ്ണൂർ സ്ക്വാഡ്, പ്രണയവിലാസം, കൊറോണ ധവാൻ, മിസ്റ്റർ ആൻഡ് മിസ് റൗഡി, ഒടിയൻ, മാലിക്ക് എന്നീ സിനിമകളിലും അഭിനയിച്ചു. ലോകയിൽ അഭിനയിക്കുമ്പോൾ കന്നട ഭാഷ അറിയില്ലായിരുന്നു. ഡൊമിനിക്കിന്റെ സുഹൃത്തും 'ടോബി"എന്ന കന്നഡ സിനിമയുടെ സംവിധായകനുമായ ബേസിൽ ആണ് പഠിപ്പച്ചത്. ഓരോ ഡയലോഗും മെസേജ് അയച്ചു തരും. മോഡുലേഷനും മറ്റും അങ്ങനെയാണ് പഠിച്ചത്. ഏതാണ്ട് അതുപോലെ അവതരിപ്പിക്കാൻ ശ്രമിച്ചു. ഡബ്ബിംഗ് സമയത്തും ബേസിൽ കൂടെയുണ്ടായിരുന്നു. ലോക കണ്ട് ഒരുപാട് പേർ വിളിച്ചു. ഏറ്റവും സന്തോഷം തരുന്നത് ലോക, കൊണ്ടൽ, ജാൻ .എ. മൻ എന്നീ സിനിമയിലെ കഥാപാത്രത്തെപ്പറ്റി ആക്ടിംഗ് ട്രെയിനറും സുഹൃത്തുമായ ജ്യോതിഷ് ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പാണ്. ലോക കണ്ട ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവർ അഭിനന്ദനം അറിയിച്ച് മെസേജ് അയച്ചു.ഇതും സന്തോഷവും പ്രചോദനവും തരുന്ന കാര്യം. തലവര മാറി 'തലവര"യുടെ ലൊക്കേഷനിൽ എന്റെ ആദ്യ ദിവസത്തെ ആദ്യ സീൻ ആണ് ആ അപകടം. മൂന്നാമത്തെ ഷോട്ട് കയ്യീന്ന് പോയി. ഞാനോടിച്ച സ്കൂട്ടർ തട്ടി അർജുൻ അശോകന് വീണു. പരിക്കൊന്നും പറ്റിയില്ലെങ്കിലും അപകടത്തിന് ശേഷം ലൊക്കേഷനിൽ നിന്നത് വളരെ ബുദ്ധിമുട്ടിയാണ്. അപകടത്തെപ്പറ്റി ആരും ഒന്നും സംസാരിക്കുന്നില്ല, കളിയാക്കുന്നില്ല. പക്ഷേ എനിക്കത് വലിയ മാനസിക ബുദ്ധിമുട്ട് ആയി. സത്യത്തിൽ ആ ഫീൽ എന്നെ സിനിമയിൽ സഹായിച്ചു എന്നു വേണം പറയാൻ. കൂട്ടുകാരിൽ നിന്നെല്ലാം മാറി നിൽക്കുന്ന പ്രകൃതക്കാരനാണ് ഞാൻ അവതരിപ്പിച്ച കഥാപാത്രം. അത് ചെയ്യാൻ അപകടം സഹായിച്ചെന്ന് പറയാം. അപകടം എ.ഐ ആണെന്ന് കമന്റുകൾ കണ്ടു. പക്ഷേ അത് യഥാർത്ഥത്തിൽ സംഭവിച്ചതാണ്. ഞാൻ അർജുൻ അശോകനെ ഇടിച്ചിട്ടതാണ്. തലവരയിലും ശ്രദ്ധ നേടിയ കഥാപാത്രത്തെ ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' നാട്ടിൻപുറത്ത് നടക്കുന്ന കഥയാണ്. മുഴുനീള കഥാപാത്രം. മാത്യു തോമസ് ആണ് നായകൻ. ഹൊറർ, കോമഡി, പ്രണയം, പാട്ടുകൾ എല്ലാം ഉൾപ്പെടുന്ന സിനിമ. എവിടെപ്പോയാലും രണ്ടോ മൂന്നോ 'ശരത്' കാണും. അതിൽ നിന്ന് വ്യത്യസ്തനാവാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് 'സഭ"ചേർത്തു. പാലക്കാട് പെരിങ്ങോട്ടുകുറിശി ആണ് നാട്.